സതീശൻ ഗ്രൂപ്പിലെ പ്രധാനി ബിആർഎം ഷഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം
VD Satheesan and BRM Shafeer
മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഗ്രൂപ്പിലെ പ്രധാന നേതാവായ ബിആർഎം ഷഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം. ഷെഫീറിന്റെ ഭാര്യ ഷാനിക്ക് സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനം.
നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങി കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് ജോലി നൽകിയത് വലിയ സ്വജനപക്ഷപാതമാണ്. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40,000 രൂപയാണ് ശമ്പളം ലഭിക്കുക. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ബിആർഎം ഷെഫീർ. മുഖ്യമന്ത്രി നിർദേശിച്ച ആർ അരുൺകുമാറാണ് സീമാറ്റ് കേരള ഡയറക്ടർ. കെപിസിസി സെക്രട്ടറി കൂടിയാണ് ബിആർഎം ഷെഫീർ. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങളിൽ യുഡിഎഫ് സർക്കാരിനെതിരെ ഒന്നിലേറെ ആരോപണങ്ങൾ ഇപ്പോഴേ ഉയർന്നിട്ടുണ്ട്.
