കൈക്കൂലി : വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (19:47 IST)
കോഴിക്കോട്: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കുറ്റത്തിന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. എരഞ്ഞിപ്പാലത്തെ വാട്ടർ അതോറിറ്റി ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഇ.ടി.സുനിൽ കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.

അമൃത് പ്രോജക്ട് നാളിന്റെ കരാറുകാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി പി.ഇ.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

കരാർ കിട്ടാനായി മുമ്പ് ഏഴു ലക്ഷം രൂപ കെട്ടിവച്ചിരുന്നു. എന്നാൽ പണിപൂർത്തിയാക്കി ഗ്യാരന്റി സമയമായപ്പോൾ തുക മടക്കി ലഭിക്കാൻ അപേക്ഷ നൽകി. എന്നാൽ പല തവണ എ.ഇ യെ സമീപിച്ചെങ്കിലും തുക നൽകിയില്ല. പിന്നീട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :