കൈക്കൂലി: രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 ജനുവരി 2022 (19:57 IST)
പാലക്കാട്: കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ വിജിലൻസ് കൈയോടെ പിടികൂടി. കോങ്ങാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്.

കോങ്ങാട്ടെ ചല്ലിക്കൽ സ്വദേശി കുമാരൻ എന്ന വൃദ്ധന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുടുക്കിലാക്കിയത്. കുമാരൻ നൽകിയ കൈക്കൂലി തുകയായ അര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.

കുമാരന് പൈതൃക സ്വത്തായി 53 സെന്റ് ലഭിച്ചതിനു പുറമെ 16 സെന്റും കൈവശം ഉണ്ടായിരുന്നു. ക്യാൻസർ രോഗിയായ മകളുടെ ചികിത്സയ്ക്ക് പണം ആവശ്യമായപ്പോഴാണ് 16 സെന്റ്‌ ഭൂമിയുടെ പട്ടയം ശരിയാക്കാൻ തീരുമാനിച്ചത്. കുമാരൻ അപേക്ഷ നൽകിയപ്പോൾ കൈക്കൂലിയായി ഒരു ലക്ഷം രൂപ ലഭിച്ചാൽ കാര്യം ശരിയാക്കാമെന്ന് മനോജ്ഉം പ്രസന്നനും പറഞ്ഞു. എന്നാൽ ഈ തുക ഇല്ലെന്നു പറഞ്ഞതോടെ തുക 55000 രൂപയാക്കി കുറയ്ക്കാം എന്ന് സമ്മതിച്ചു.

തുടർന്നാണ്
സഹികെട്ട കുമാരൻ പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി.ഷംസുദ്ദീനെ വിവരം അറിയിച്ചത്. ആദ്യം അയ്യായിരം നൽകി. പിന്നീടാണ് വിജിലൻസ് പറഞ്ഞതുപോലെ കുമാരൻ ബാക്കി തുകയായ അര ലക്ഷം രൂപ നൽകിയത്. പണം വാങ്ങിയതും ഇരുവരെയും കൈയോടെ പിടികൂടുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :