കേസെടുക്കാതിരിക്കാൻ കൈക്കൂലി: രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 26 ജനുവരി 2022 (11:16 IST)
കോഴിക്കോട് : വിൽക്കാൻ ഏൽപ്പിച്ച കാർ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി.കൃജേഷ്, ഗ്രെയ്‌ഡ് എസ്.ഐ പ്രവീൺ കുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.
നഗരത്തിലെ യൂസ്‌ഡ് കാർ ഷോറൂമിൽ വിൽപ്പനയ്ക്കായി എത്തിച്ച കാർ ഷോറൂം ഉടമകളിൽ ഒരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ട്പോയപ്പോൾ അപകടത്തിൽ പെട്ടു.സ്ഥലത്തെത്തിയ പോലീസുകാർ കാറിന്റെ ആർ.സി.ബുക്ക് ഉടമയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതനുസരിച്ചു ഈ തുക ഒരു പോലീസുകാരന്റെ ഭാര്യയുടെ അകൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ പിന്നീട് ഇവർ കൈക്കൂലി വാങ്ങിയ വിവരം ജില്ലാ പോലീസ് മേധാവി ജോർജിനെ അറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുദർശൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരും കുറ്റക്കാരാണെന്നും കണ്ടെത്തുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.