കൈക്കൂലി വാങ്ങാൻ സമ്മതിക്കാത്തതിന് വ്യാജപരാതി: എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Updated: ശനി, 15 ജനുവരി 2022 (20:25 IST)
കൊല്ലം: കൈക്കൂലി വാങ്ങാൻ സമ്മതിച്ചില്ല എന്ന കാരണത്താൽ മേലുദ്യോഗസ്ഥനെ കുടുക്കിലാക്കാൻ വ്യാജ പരാതി അയച്ച മൂന്നു എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഒരു സ്ത്രീയുടെ പേരിലാണ് വ്യാജ പരാതി അയച്ചത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ വി.അനിലാലിനെ കുടുക്കാനായിരുന്നു വ്യാജ പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ടു പ്രിവന്റീവ് ഓഫീസർമാരായ എസ്.നിഷാദ്, എ.സലിം, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെഹീൻ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.

സർക്കിൾ ഇൻസ്‌പെക്ടർ മഫ്തിയിൽ വാഹന പരിശോധന നടത്തിയെന്നും കടയ്ക്കൽ സ്വദേശിയായ ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്നുമായിരുന്നു കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചപ രാതിയിൽ ഉണ്ടായിരുന്നത്.
എന്നാൽ അന്വേഷണത്തിൽ ഇങ്ങനെയൊരു സ്ത്രീ തന്നെ ഇല്ലെന്നും പരാതി വ്യാജമെന്നും എക്സൈസ് വിജിലൻസ് കണ്ടെത്തി.


സി.ഐ കൃത്യനിഷ്ഠയോടെ ജോലി ചെയ്യുകയും കൂടെയുള്ളവരെ കൈക്കൂലി വാങ്ങാൻ അനുവദിക്കാതിരുന്നതും ഒരു വിഭാഗത്തിന് വിദ്വേഷം ഉണ്ടാക്കി എന്നും ഇതാണ് വ്യാജ പരാതിക്കു കാരണമായതെന്നും കണ്ടെത്തി. സി.ഐ യുടെ ഫോട്ടോ എക്സൈസ് ഓഫീസിനു അടുത്ത് നിന്ന് പകർത്തിയ ശേഷം തെങ്കാശിയിൽ പോയി പ്രിന്റെടുത്ത് വ്യാജ പരാതി അയയ്ക്കുകയുമായിരുന്നു. ഇതിൽ സലീമിനെതിരെ കൈക്കൂലി കേസ് ഉൾപ്പെടെ രണ്ട് തവണ ശിക്ഷാ നടപടി ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :