കൈക്കൂലി: റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (17:21 IST)
തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ നഗരസഭാ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം നഗരസഭയിലെ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ നെടുമങ്ങാട് സ്വദേശിയും നിലവിൽ മേലാറന്നൂർ എൻ.ജി.ഒ ക്വർട്ടേഴ്‌സിൽ താമസിക്കുന്നതുമായ അരുൺ കുമാർ എന്ന അമ്പത്തിമൂന്നുകാരനാണ് വിജിലൻസിന്റെ പിടിയിലായത്.

കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റിനായി സമീപിച്ച വട്ടിയൂർക്കാവ് സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ പിടിയിൽ പെട്ടത്. വട്ടിയൂർക്കാവ് സ്വദേശി കുളത്തൂർ കരിമണലിൽ പുതുതായി വാങ്ങിയ ഫ്‌ളാറ്റിന്റെ ഓണർഷിപ്പ് മാറ്റുന്നതിന് അപേക്ഷിച്ചിരുന്നു. എന്നാൽ നിരവധി തവണ ഇയാൾ റവന്യൂ ഇൻസ്‌പെക്ടറെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല.

ഇതിനിടെ ഇടനിലക്കാരനെന്ന നിലയിൽ ഓഫീസിലെ തന്നെ താത്കാലിക ജീവനക്കാരൻ വഴി സർട്ടിഫിക്കറ്റ് കിട്ടുന്നതിന് കൈക്കൂലി നൽകണമെന്നും അതിന്റെ തുകയും നിശ്ചയിച്ചു. എങ്കിലും പിന്നീട് ഉദ്യോഗസ്ഥൻ നേരിട്ട് അപേക്ഷകനെ വിളിക്കുകയും രണ്ടായിരം രൂപയെങ്കിലും കൈക്കൂലിയായി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

മതിയായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും കൈക്കൂലി ചോദിച്ചതിൽ സഹികെട്ട പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ട് പരാതിക്കാരൻ റവന്യൂ ഇൻസ്പെക്ടർക്ക് നൽകിയതും വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഈ ഓഫീസിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലാമത്തെ തവണയാണ് വിജിലൻസ് റെയ്‌ഡ്‌ നടക്കുന്നത്. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ ഈ ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ഇവിടെ ഏതുകാര്യവും നടക്കണമെങ്കിൽ കൈക്കൂലി കൂടിയേ തീരു എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ റവന്യൂ ഇൻസ്‌പെക്ടർ പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :