കേസ് ഒഴിവാക്കാൻ കൈക്കൂലി ചോദിച്ച ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Police
എ കെ ജെ അയ്യർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (14:17 IST)
ഇടുക്കി: വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് കഞ്ചാവ് ബീഡി പിടിച്ച സംഭവത്തിലെ കേസ് ഒഴിവാക്കാനായി കൈക്കൂലി ചോദിച്ച ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എസ്.ഐ ഷിബി ടി.ജോസഫ്, സി.പി.ഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി.സോബിൻ ടി.സോജൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ വാളറയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പറവൂർ സ്വദേശികളായ ആര് യുവാക്കൾ മൂന്നാറിൽ നിന്ന് കാറിൽ വരുമ്പോൾ അടിമാലിക്കടുത്തു വച്ച് ട്രാഫിക് പോലീസ് വാഹനം പരിശോധിച്ച്. തുടർന്ന് വാളറയിൽ വച്ച് വീണ്ടും വാഹനം പരിശോധിച്ച ഹൈവേ പോലീസ് വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തി.

ഇവരെ ജയിലിൽ അടയ്ക്കുമെന്നു പറഞ്ഞപ്പോൾ പോലീസ് കേസ് ഒഴിവാക്കാൻ നാല്പതിനായിരം രൂപ ആവശ്യപ്പെട്ടു. പണമില്ല എന്നായപ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ്, ഐപാഡ് എന്നിവ വിട്ടു പണം നൽകാൻ പറഞ്ഞു. പിന്നീട് തുക 36000 രൂപ ആയാലും മതിയെന്നായി പോലീസ്. തുടർന്ന് സംഘത്തിലെ മൂന്നു പേര് ഐപാഡ് വിൽക്കാനായി കാറിൽ
അടിമാലിക്ക് പോയി. ഇടയ്ക്ക് ചാറ്റുപാറയ്ക്കടുത്തു ട്രാഫിക് പോലീസ് ഇവരെ തടയുകയും കൈക്കൂലി വിവരം അറിഞ്ഞ ട്രാഫിക് പോലീസ് പണം കൊടുക്കരുതെന്നും പറഞ്ഞു തിരിച്ചയച്ചു.

സംഭവം അറിഞ്ഞതോടെ ഇവരെ ആദ്യം പിടികൂടിയ ഹൈവേ പോലീസ് കഞ്ചാവ് പിടിച്ച കാര്യം രേഖപ്പെടുത്താതെ സീറ്റ് ബെൽറ്റ് ഇട്ടില്ല, നമ്പർ പ്ളേറ്റ് കൃത്യമല്ല എന്നൊക്കെയുള്ള പിഴവ് ചുമത്തി സംഘത്തെ വിട്ടയച്ചു. യുവാക്കൾ പരാതിയൊന്നും നൽകാതെ പോയി. എങ്കിലും ജില്ലാ പോലീസ് മേധാവി ഈ വിവരം അറിയുകയും തുടർ നടപടിക്കു നിർദ്ദേശിക്കുകയുമായിരുന്നു. ഇതിനൊപ്പം ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :