കൈക്കൂലി: വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (13:43 IST)
കോഴഞ്ചേരി: കൈക്കൂലി വാങ്ങിയ കുറ്റത്തിന് വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസർ രാജീവ്, ഫീൽഡ് അസിസ്റ്റന്റ് ജിനു എന്നിവരാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വില്ലേജ് ഓഫീസിൽ വച്ച് പിടിയിലായത്.

ചെറുകോൽ സ്വദേശി ഷാജി ജോണ് കഴിഞ്ഞ മാസം വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിനായി അപേക്ഷ നൽകിയിരുന്നു. നാല് തവണ നേരിട്ടെത്തിയും ഫോൺ മുഖേനയും ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസറെ ബന്ധപ്പെട്ടു. എന്നാൽ ഇത് ബുദ്ധിമുട്ടു കേസാണെന്നും കൈയിൽ പണം കരുതിക്കൊള്ളണം എന്നാണു ഫീൽഡ് അസിസ്റ്റന്റ് പറഞ്ഞത്. ഇതിനൊപ്പം കഴിഞ്ഞ ശനിയാഴ്ച ജിനു നേരിട്ട് കൈക്കൂലി ചോദിക്കുകയും ചെയ്തു. 500 രൂപാ നൽകിയപ്പോൾ 5000 രൂപാ ആവശ്യപ്പെട്ടു.

തുടർന്നാണ് ഷാജി പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി ഹരിവിദ്യാധരനെ വിവരം അറിയിച്ചതും തുടർന്ന് വിജിലൻസ് കെണിയൊരുക്കിയതും. കൈക്കൂലി നൽകിയതും വിജിലൻസ് ഇരുവരെയും കൈയോടെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :