വെള്ളറട വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം, ഫയലുകള്‍ കത്തിനശിച്ചു

അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 28 ഏപ്രില്‍ 2016 (14:40 IST)
വെള്ളറട വില്ലേജ് ഓഫിസിൽ സ്ഫോടനം. ഏഴ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആറുപേരെയും
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയലുകളും കത്തിനശിച്ചു.

രാവിലെ പത്തുമണിയോടെ കോട്ടും ഹെൽമറ്റും ധരിച്ചയാൾ വില്ലേജ് ഓഫിസിലെത്തി ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം മൂത്തപ്പോൾ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനു ശേഷം കൈവശമുണ്ടായിരുന്ന ഒരു കവർ നിലത്തടിച്ചു പൊട്ടിക്കുകയായിരുന്നു. ഇത് ഉടൻ തന്നെ പൊട്ടിത്തെറിയുണ്ടാകുകയും ഓഫിസിന് തീപിടിക്കുകയും ചെയ്തു.

ഇയാളെ ആക്രമണത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വേണുഗോപാലിന് പരുക്കേറ്റത്. ആക്രമണം നടത്തിയയാൾ വില്ലേജ് ഓഫിസിലെ മുറി പൂട്ടിയതിനുശേഷമാണ് രക്ഷപെട്ടത്. അതിനാൽ ജീവനക്കാർക്ക് പുറത്തേക്ക് പോകാൻ സാധിച്ചില്ല. ഇത് കൂടുതൽ പേർക്ക് പരുക്കേൽക്കുന്നതിന് കാരണമായി.

ഓഫീസിന് നേരെ ആരോ പെട്രോള്‍ ബോംബ് എറിഞ്ഞെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്.
ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സംഭവം ബോംബാക്രമണമല്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ബിജു പ്രഭാകർ പറഞ്ഞു. പെട്ടിത്തെറിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :