‘മാണി- കോടിയേരി ചര്‍ച്ച അറിയില്ല; ആളെ വലിച്ചു കയറ്റേണ്ട ആവശ്യമില്ല’

തിരുവനന്തപുരം| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (16:50 IST)
എല്‍ഡിഎഫിലേക്ക് ഇപ്പോള്‍ ആളെ വലിച്ചു കയറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെഎം മാണിയും കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ല. കോണ്‍ഗ്രസ് നേതൃത്തിലുള്ള സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിച്ചാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നത്. ആ അഴിമതി സര്‍ക്കാരിന്റെ ഭാഗമാണ് കെഎം മാണിയും കൂട്ടരുമെന്നും വിഎസ് കുറ്റപ്പെടുത്തി.

യുഡിഎഫില്‍നിന്ന് അഞ്ചോ എട്ടോ അംഗങ്ങളെ ഇപ്പോള്‍ എടുക്കേണ്ടതില്ല. ഇടതുമുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും ഓഫറുമായി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റും കാപിക്കോ റിസോര്‍ട്ടും പൊളിച്ച് നീക്കുന്നതിനുള്ള ചെലവ് അവരില്‍നിന്ന് തന്നെ ഈടാക്കണം. കൈയേറ്റങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും വി എസ് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ മാണിയുമായി കോടിയേരി ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസമില്ലെന്ന സന്ദേശം കോടിയേരി കൈമാറിയതായും ഇടതുകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. മുന്നണിമാറ്റം വന്‍ വാര്‍ത്തയായതോടെ ഇത് നിഷേധിച്ച് മാ‍ണിയും രംഗത്തെത്തി. മുഖ്യമന്ത്രിപദം മോഹിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നായിരുന്നു മാണിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :