കോട്ടയം|
jibin|
Last Modified ഞായര്‍, 15 നവംബര്‍ 2015 (16:17 IST)
ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കും എക്‍സൈസ് മന്ത്രി കെ ബാബുവിനും രണ്ടു നീതിയാണ് ലഭിച്ചതെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഒളിയമ്പെയ്‌ത് ജോസ് കെ മാണി രംഗത്ത്.
ബാര്‍ കോഴക്കേസില്‍ പാര്‍ട്ടിക്ക് നീതികിട്ടിയില്ല. കേരള കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ ആഗ്രഹിച്ചവര്‍ നിരാശരായി. കോഴക്കേസില്‍ ഏത് ഭാഗത്തു നിന്നാണ് ഇടപെടലുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കണ്ടെത്തണമെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയിലേക്കു പോകാന്‍ ഒരുങ്ങിയിരുന്നതായി പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം വിക്ടര്‍ ടി തോമസ് വ്യക്തമാക്കി. ഇതു സംബന്ധിച്ചു പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇടതു നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തി. എന്നാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിസന്ധിയിലാക്കേണ്ടെന്നു കെഎം മാണി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ നടന്ന ഗൂഢാലോചന സംബന്ധിച്ചു പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉചിതമായ സമയത്തു പുറത്തുവിടും. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന മാണി ശക്തനായി തിരിച്ചെത്തുമെന്നും വികടര്‍ ടി തോമസ് പറഞ്ഞു.