പാലക്കാട്|
VISHNU.NL|
Last Modified വ്യാഴം, 6 നവംബര്‍ 2014 (12:16 IST)
അട്ടപ്പാടിയിലെ ശിശുമരണം പോഷകാഹാരക്കുറവുകൊണ്ടല്ലെന്ന് സൂചനകള്‍. അമിതമായ കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങളാണ് മരണകാരണമെന്നാണ് സംശയം. അട്ടപ്പാടിയില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ കണ്ടുവരുന്നതിനു സമാനമായ അവസ്ഥയാണെന്നാണ് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.
വ്യാപകമായി കീടനാശിനികള്‍ ഉപയോഗിക്കുന്ന പച്ചക്കറിയും പരുത്തിയും കൃഷി ചെയ്യുന്ന പ്രദേശങ്ങളിലാണ് മരണങ്ങള്‍ കൂടുതല്‍ എന്നതാണ് സംശയം ബലപ്പെടുന്നതിനു കാരണം. പരുത്തി, പച്ചക്കറി, വാഴ എന്നീ വിളകള്‍ കൃഷി ചെയ്യുന്ന പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലാണ് ശിശുമരണ നിരക്കും വൈകല്യങ്ങളോട് കൂടിയ ജനനവും നടക്കുന്നതെന്നാണ് പഠനം.
ശിശുദിനം ആഘോഷിക്കുന്ന നവംബറില്‍ നഷ്ടപ്പെട്ടത് നാലു കുഞ്ഞുജീവനുകളാണ്. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയിലേ ഇല്ലാതായി. ഈ രണ്ടു കുഞ്ഞുങ്ങളെയും മെഡിക്കല്‍ ടെര്‍മിനേഷന്‍ അഥവാ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലയോട്ടി വളര്‍ച്ചയെത്താത്തതാണ് കാരണം.
ഈ വര്‍ഷം മാത്രം 18 നവജാതശിശുക്കളും 20 ഗര്‍ഭസ്ഥ ശിശുക്കളുമാണ് അട്ടപ്പാടിയില്‍ മരിച്ചത്. സംശയം ബലപ്പെട്ടതോടെ സാഹചര്യം കണക്കിലെടുത്ത് വിശദമായ പഠനത്തിന് തുടക്കമിടുകയാണെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് അട്ടപ്പാടി സന്ദര്‍ശിക്കുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.