അഗളി|
Last Modified ശനി, 21 ജൂണ്‍ 2014 (15:43 IST)
അട്ടപ്പാടി അഗളിയില്‍ സ്വകാര്യ ആശുപത്രി നടത്തി വന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. അഗളി ഗുളിക്കടവില്‍ ആരണ്യകം ഹെര്‍ബല്‍ സെന്‍റര്‍ എന്ന പേരില്‍ ആശുപത്രി നടത്തിവന്ന പെരിന്തല്‍മണ്ണ സ്വദേശി രാഘവന്‍ എന്ന 55 കാരനാണു പൊലീസ് വലയിലായത്.
ആയുര്‍വേദ, സിദ്ധ, നാച്ചുറോപ്പതി, ഹോളിസ്റ്റിക് മെഡിസിന്‍ എന്നീ രീതികളിലെല്ലാം ഇയാള്‍ ചികിത്സ നല്‍കിയിരുന്നു. ഇയാള്‍ക്കൊപ്പം ഇയാളുടെ ഭാര്യയും വ്യാജ ഡോക്ടറായി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഇയാള്‍ ഇവിടെ ക്ലിനിക്ക് നടത്തിവരുന്നു. അട്ടപ്പാടിയില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതും. എന്നാല്‍ വ്യാജ ഡോക്ടറായ ഭാര്യ ഇപ്പോള്‍ ഒളിവിലാണ്. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള ഇയാളില്‍ നിന്നും നിരവധി കോഴ്സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ചികിത്സാ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇയാളുടെ പേരില്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് 2004 ല്‍ സമാനമായ രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗളി മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ഇയാള്‍ പിടിയിലാകാന്‍ ഇടയായത്.