വൃദ്ധയെ ആക്രമിച്ചു ഒമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 30 ജൂലൈ 2023 (14:25 IST)
ആലപ്പുഴ: വൃദ്ധയെ ആക്രമിച്ചു ഒമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിലായി. ഹരിപ്പാട് പത്തിയൂർ തെക്കുംമുറിയിൽ ശ്രീകൃഷ്ണ ഭവനത്തിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാധമ്മയെ (73) ആക്രമിച്ചു സ്വർണ്ണം തട്ടിയെടുത്ത കേസിൽ ചേപ്പാട് മുട്ടം തേലശേരിൽ തെക്കേതിൽ വീട്ടിൽ ബിജികുമാർ (49) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്ന പ്രതി രാധമ്മയെ ഉപദ്രവിക്കുകയും മാല, നാല് വളകൾ എന്നിവ തട്ടിയെടുക്കുകയുമായിരുന്നു. ഇയാൾ മുമ്പ് കുവൈറ്റിൽ അമേരിക്കൻ ആർമി ബേസിൽ ഡ്രൈവർ ജോലി ചെയ്തിരുന്നു. പിന്നീട് ചൂണ്ടുപലക ജംഗ്‌ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുകയായിരുന്നു.

രാധമ്മയുടെ വായിൽ തുണി തിരുകിയ ശേഷം അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കരീലകുളങ്ങര പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾ മഴിഞ്ഞ മെയ് മാസം ബന്ധുവായ ചേപ്പാട് തെക്കേവീട്ടിൽ കുസുമം എന്ന 85 കാരിയെ ആക്രമിച്ചു ഒന്നര പവന്റെ സ്വർണ്ണമാല കവർന്ന കേസിലും പ്രതിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :