അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (08:50 IST)
തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത. 3 വര്‍ഷത്തേക്കാണ് നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചത്. 2 വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷ വിധിച്ചാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാകുമെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും.
ഇതോടെ വരുന്ന തെരെഞ്ഞെടുപ്പുകളില്‍ ആന്റണി രാജുവിന് മത്സരിക്കാനാകില്ല. മേല്‍കോടതികളിലേക്ക് പോയി സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും. ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഡാലോചനയ്ക്ക് 6 മാസവും തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സിജെഎം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി തള്ളി.
1990 ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയന്‍ പൗരനായ സാല്‍വദോര്‍ സാര്‍ലി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി പിടിയിലായി. കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ചു. ഈ കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലര്‍ക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെവെക്കുകയായിരുന്നു.