അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ജനുവരി 2026 (08:32 IST)
ജനങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുവെന്നും തദ്ദേശ തിരെഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങള്‍ ഇടതുപക്ഷത്തിന് നിര്‍ണായകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങള്‍ എല്‍ഡിഎഫില്‍ നിന്നകന്നു. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ല. പാഠം പഠിച്ച് തിരുത്തി മുന്നോട്ട് പോകാനാകണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചില്ല. മൂന്നാം ഭരണത്തിനായി താമസം വരുത്താതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങള്‍ എല്‍ഡിഎഫില്‍ നിന്നകന്നതിന്റെ കാരണം കണ്ടെത്തുകയും അവ തിരുത്തുകയും വേണം. അതിന് ജനങ്ങളുമായുള്ള സത്യസന്ധമായ ആശയവിനിമയമാണ് മാര്‍ഗം. ജനം തന്നെയാണ് വലിയവന്‍ എന്ന തിരിച്ചറിവോടെ പാര്‍ട്ടി മുന്നോട്ട് പോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഒരു വിമര്‍ശനവും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തില്ല, മാധ്യമങ്ങളില്‍ വരുന്നത് കേവലം കഥകള്‍ മാത്രമാാണ്. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ നയങ്ങളും നടപടികളും വേണം. തദ്ദേശ തെരെഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമാണ്. എന്നാല്‍ എല്ലാം തീര്‍ന്നുവെന്ന് അര്‍ഥമില്ല. എല്‍ഡിഎഫും പാര്‍ട്ടിയും തെറ്റുകള്‍ തിരുത്തും. വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കും. ജനങ്ങളില്‍ നിന്നാണ് പാഠം പഠിക്കേണ്ടത്. ബിനോയ് വിശ്വം പറഞ്ഞു. ജനുവരി 15 മുതല്‍ 30 വരെയാണ് സിപിഐയുടെ ഭവന സന്ദര്‍ശനം.
അതേസമയം സിപിഐ ചതിയന്‍ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും ബിനോയ് വിശ്വം മറുപടി നല്‍കി. ഇടതുപക്ഷ മുന്നണിക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ല. ചതിയന്‍ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞ ആള്‍ക്കാണെന്നും വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.