ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറില്‍ മാത്രം; നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേപോലെ നീല കവറുകള്‍ നല്‍കുന്നതാണ്

Health Minister Veena George
രേണുക വേണു| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (10:43 IST)
Health Minister Veena George

ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേപോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :