അജിത് കുമാര്‍ തെറിക്കുമോ? എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ

സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിനു അന്വേഷിക്കാനാകില്ലെന്നു ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു

PV Anvar and ADGP Ajith Kumar
PV Anvar and ADGP Ajith Kumar
രേണുക വേണു| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (09:26 IST)

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മാണം തുടങ്ങി പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.

സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിനു അന്വേഷിക്കാനാകില്ലെന്നു ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പി.വി.അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു.

അന്‍വറിന്റെ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി വിജിലന്‍സ് അന്വേഷണമാണ് അജിത് കുമാറിനെതിരെ വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയത്. മൊഴിയില്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍ വിജിലന്‍സിനു കൈമാറണമെന്നാണു ശുപാര്‍ശ. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്കു ശുപാര്‍ശ കൈമാറിയേക്കും. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :