സണ്ണി ജോസഫിന്റെ പിന്തുണയും വേണുഗോപാലിന്; സതീശൻ അനാഥൻ
എഐസിസി നിരീക്ഷകരായി കേരളത്തിലെത്തിയ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്നലെ ഡൽഹിയിലേക്കു തിരിച്ചുപോയി
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വേണുഗോപാലിനെയാണ് പിന്തുണച്ചിരിക്കുന്നത്.
എഐസിസി നിരീക്ഷകരായി കേരളത്തിലെത്തിയ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്നലെ ഡൽഹിയിലേക്കു തിരിച്ചുപോയി. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ ആർക്കാണെന്ന് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിക്കും. പിന്നീട് പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് അന്തിമ തീരുമാനമെടുക്കുക.
മുകുൾ വാസ്‌നിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റിന്റെ ഒരു പേജ് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ടിട്ടുണ്ട്. അതിൽ കെപിസിസി അധ്യക്ഷൻ അടക്കമുള്ള ഏഴ് എംഎൽഎമാരുടെ പിന്തുണ കെ.സി.വേണുഗോപാലിനാണ്.
സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരുകൾക്കു നേരെ KC എന്ന് എഴുതിയിരിക്കുന്നത് കാണാം. ഐ.സി.ബാലകൃഷ്ണൻ KC ക്കൊപ്പം RC എന്നും എഴുതിയിട്ടുണ്ട്.