പാലക്കാട്ട് ലൈസൻസില്ലാത്ത അഞ്ച് ഹോട്ടലുകൾ പൂട്ടി

എ കെ ജെ അയ്യർ| Last Modified ബുധന്‍, 11 ജനുവരി 2023 (19:42 IST)
പാലക്കാട്: അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് അധികാരികൾ നടത്തിയ വ്യാപകമായ പരിശോധനയിൽ ജില്ലയിലെ ലൈസൻസില്ലാത്ത അഞ്ചു ഹോട്ടലുകൾ പൂട്ടി. ഒറ്റപ്പാലം വരോടിലുള്ള പാരീസ് ബേക്ക്സ് ആൻഡ് റെസ്റ്റാറന്റ്, എമിറേറ്റ്സ് ബേക്കറി, കെ.പി.ടീ സ്റ്റാൾ, തലശേരി റെസ്റ്റാറന്റ്, സഫ ഹോട്ടൽ വാട്ടമ്പലം എന്നിവയാണ് പൂട്ടിയത്.

ജില്ലയിൽ ഒട്ടാകെ 42 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടായിരുന്ന ഒമ്പതു ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കി. ഇതിനൊപ്പം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പതിമൂന്നു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. ഇത് കൂടാതെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ എന്ന് സംശയമുള്ള അഞ്ചു ഹോട്ടലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കാനായി അയച്ചിട്ടുണ്ട്.

ഇത് കൂടാതെ മണ്ണാർക്കാട് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ എട്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടികൂടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഒമ്പതു ഹോട്ടലുകൾക്ക് നോട്ടീസും നൽകി. വരും ദിവസങ്ങളിലും തുടർച്ചയായി പരിശോധന നടത്തും എന്നാണു സൂചന.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :