നഗ്നനായി എത്തുന്ന മോഷ്ടാവ് - ചെമ്പലോട് മോഹനൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:09 IST)
പാലക്കാട്: നഗ്നനായി വീടുകളിൽ കവർച്ച നടത്താൻ എത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ ചെമ്പലോട് മോഹനനെ പോലീസ് പിടികൂടി. പാലക്കാട് ചന്ദ്രനഗർ ചേമ്പലോട് മോഹൻദാസ് എന്ന 53 കാരനായ ഇയാളെ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയാണ് പിടികൂടിയത്.

നിരവധി കവർച്ചാ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണിയാൾ. രാത്രി നഗ്നനായാണ് ഇയാൾ വീടുകൾ എത്തുന്നത്. ജനൽ തകർത്തു വീട്ടിനുള്ളിൽ കയറി കവർച്ച നടത്തുന്നതും സാധനങ്ങൾക്കൊപ്പം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ഇയാളുടെ ശൈലിയാണ്. വീടുകളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ സൂക്ഷിച്ചിട്ടുള്ള പണം, സാധനങ്ങൾ എന്നിവ മോഷ്ടിക്കുന്നതിൽ ഇയാൾ അതിവിദഗ്ധനാണെന്നാണ് പോലീസ് പറഞ്ഞത്.

ഇയാളെ കവർച്ചാ ശ്രമത്തിനിടെ പിടിച്ചാലും പിടികിട്ടാതിരിക്കാനായി ശരീരത്തിൽ നല്ലെണ്ണ തുടങ്ങിയ വഴുവഴുപ്പുള്ള സാധനങ്ങൾ തേച്ചിട്ടാവും ഇയാൾ എത്തുക. നിരവധി മോഷണ കേസുകളിൽ ഇയാൾ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ സി.സി.ടി.വി കാലിൽ നിന്നാണ് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. എ.എസ്.പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പാലക്കാട് ടൌൺ നോർത്ത് - സൗത്ത് പോലീസ് സംഘങ്ങൾ സംയുക്തമായി രൂപീകരിച്ച സേനയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :