തിരുവനന്തപുരം|
Last Modified വ്യാഴം, 24 ഡിസംബര്‍ 2015 (09:35 IST)
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 442 കോടി രൂപ വായ്പയെടുത്തതായി റിപ്പോര്‍ട്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥാപനമാണ് അടിക്കടി കോടിക്കണക്കിനു രൂപ
വായ്പ ഇനത്തില്‍ എടുക്കുന്നത്.
2013-14 വര്‍ഷത്തില്‍ ഹഡ്കോയില്‍ നിന്ന് 153 കോടിയും പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 200 കോടിയും എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 91 കോടി രൂപയും കെഎസ്ആര്‍ടിസി വായ്പയെടുത്തിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്കാനും പുതിയ ബസുകള്‍ വാങ്ങാനുമാണ് ഈ തുക വായ്പയെടുത്തത്.
വായ്പയെടുക്കാനായി കെഎസ്ആര്‍ടിസിയുടെ കാട്ടക്കട, മാനന്തവാടി എന്നീ സ്ഥലങ്ങളിലെ വസ്തുക്കള്‍ ഹഡ്കോയ്ക്കും കോഴിക്കോട്, എടപ്പാള്‍, ആലുവ എന്നീ സ്ഥലങ്ങളിലെ വര്‍ക്ക് ഷോപ്പുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ പാലക്കാട് ജില്ലാ സഹകരണ ബാങ്കിനും എറണാകുളം ബസ് സ്റ്റേഷന്‍ സ്ഥലം, പെരുമാന്നൂര്‍ ബോട്ട് യാര്‍ഡ്, തേവര, കാരിക്കാമുറി എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിനും ഈടായി നല്കിയിട്ടുണ്ട്.
എന്നാല്‍ കേവലം 8000 രൂപ മാത്രം ദിവസ വരുമാനമുള്ള സ്വകാര്യ ബസുകള്‍ ലാഭത്തിലോടുമ്പോള്‍ ശരാശരി 10000 രൂപയിലേറെ വരുമാനമുള്ള കെഎസ്ആര്‍ടിസി നഷ്ടത്തിലാവുന്നത് എന്തുകൊണ്ടാണെന്നാണ് ചോദ്യം ഉയരുന്നത്.