കെ എം മാണിയെ എല്‍ ഡി എഫിലേക്ക് സന്തോഷപൂര്‍വം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. കൊച്ചി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫില്‍ നിന്ന് ഏത് ഘടകകക്ഷി വന്നാലും സ്വാഗതം ചെയ്യും. ഇക്കാര്യം എല്‍ഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ എതിര്‍ക്കില്ലെന്നും വി എസ് വ്യക്തമാക്കി.
വേര്പിരിയാനാവാത്തതല്ല മുന്നണി ബന്ധമെന്ന കെ എം മാണിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണം ആരായവേയാണ് മാധ്യമപ്രവര്‍ത്തകരോട് വി എസ് ഇങ്ങനെ പ്രതികരിച്ചത്. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധം. അതുകൊണ്ട് ബന്ധം ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മാണി വ്യക്തമാക്കിയത്.
മാണിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെ സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. മാണി പറഞ്ഞത് ശാശ്വത സത്യമാണെന്നായിരുന്നു എസ് ആര് പിയുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് പരിഹരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചെയര്മാന് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.