സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം അടുത്ത ആഴ്ച കേരളത്തിലെത്തും. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതി സംബന്ധിച്ച് സംസ്ഥാനം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 506.53 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ടാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ബി വല്‍സല കുമാരി മുല്ലപ്പളളി രാമചന്ദ്രന് കൈമാറിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഉടന്‍ ധനസഹായം അനുവദിക്കാനാകില്ലെന്ന് മുല്ലപ്പളളി വ്യക്തമാക്കി.
സംസ്ഥാനത്തു നിന്ന് റവന്യൂ മന്ത്രിയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഈ മാസം 27ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇതു പരിഗണിച്ചായിരിക്കും ധനസഹായം അനുവദിക്കുക.
കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ധനസഹായം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.