ഒരു സീറ്റും അണിയറനീക്കങ്ങളും

PROPRO
രാജ്യസഭാസീറ്റ് സംബന്ധിച്ച് യു ഡി എഫില്‍ അണിയറനീക്കങ്ങള്‍ ശക്തമാകുന്നു. ബുധനാഴ്ച സീറ്റ് ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം മറുപടി നല്കാമെന്നാണ് അവര്‍ നല്കിയ മറുപടി.

ഇതോടെ മാണിഗ്രൂപ്പിന് രാജ്യസഭാസീറ്റ് ലഭിക്കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായി. അതേസമയം ഇന്നലെ കരുണാകര പക്ഷവും ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് സീറ്റ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെക്കുച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കരുണാകരന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഏതാ‍യാലും ആകെ ഒഴിവുവരുന്ന ഒരു രാജ്യസഭാസീറ്റിനു വേണ്ടി യു ഡി എഫില്‍ ഇപ്പോള്‍ ആവശ്യക്കാരേറെയും അണിയറനീക്കം അതിശക്തവുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍‍, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വയലാര്‍ രവി, കെ പി സി സി വൈസ് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ആകെയുള്ള ഒരു രാജ്യസഭാ സീറ്റിനായി ഇപ്പോള്‍ പരിഗണനയിലുള്ളത്.

ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയ്ക്ക് കരുണാകരനു വേണ്ടി ശക്തമായ സമ്മര്‍ദ്ദമാണ് ഹൈക്കമാന്‍ഡിലുള്ളത്. രാജ്യ സഭാംഗത്വം രാജി വെച്ചശേഷമാണ് നേരത്തെ കരുണാകന്‍ പാര്‍ട്ടി വിട്ടതെന്നതും കരുണാകരപക്ഷം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര പ്രവാസി കാര്യമന്ത്രി എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചത് വയലാര്‍ രവിക്ക് നേട്ടമാണ്. ആദ്യം ലോക്‌സഭാസീറ്റ് ആയിരുന്നു വയലാര്‍ രവി ലക്‍ഷ്യമിട്ടിരുന്നതെങ്കിലും, അത് കിട്ടിയില്ലെന്ന് വന്നാല്‍ ഇപ്പോള്‍ സ്ഥാനമൊഴിയുന്ന അംഗം എന്ന നിലയ്ക്ക് രവിയും രാജ്യസഭാ സീറ്റിന് വേണ്ടി ഒരു കൈ നോക്കിയേക്കും.

എന്നാല്‍ ഹൈക്കമാന്‍ഡിന്‍റെ നോമിനിയാ‍യി രാജ്യസഭയിലെത്താനുള്ള എല്ലാ ശ്രമങ്ങളും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തുടങ്ങിയിട്ടുണ്ട്. ഭരണതലത്തിലുള്ള മറ്റ് പദവികള്‍ ഒന്നും വഹിക്കാത്തതും അദ്ദേഹത്തിന് ഗുണം ചെയ്യും.

തിരുവനന്തപുരം| WEBDUNIA|
മലബാര്‍ പ്രാതിനിധ്യം ഉയര്‍ത്തി കാണിച്ചാണ് കെ പി സി സി വൈസ് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പക്ഷക്കാര്‍ രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :