കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 28 ജൂലൈ 2010 (11:29 IST)
PRO
മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഈ കാലയളവില്‍ കൊടിക്കുന്നിലിന് ലോക്സഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ എംപിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയോ വോട്ടിംഗില്‍ പങ്കെടുക്കുയോ ചെയ്യാനാവില്ല. പാര്‍ലമെന്റ് സമിതികളുടെ യോഗങ്ങളിലും പങ്കെടുക്കാനാവില്ല.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം ശശിധരന് നമ്പ്യാരാണ് സ്റ്റേ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന് സാവകാശമനുവദിച്ച്, വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു കൊടിക്കുന്നില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ച ഉത്തരവുണ്ടായത്.2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നില്‍, സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ യോഗ്യനല്ലെന്ന് കാണിച്ച് തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി സി പി ഐയുടെ ആര്‍എസ് അനില്‍ കുമാറും മറ്റു രണ്ടു പേരും നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.