കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 11 ജൂണ്‍ 2010 (15:04 IST)
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഭൂമി ഏറ്റെടുക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിലാണ് കോടതിയുടെ സ്റ്റേ. ഗോസ്പല്‍ ഏഷ്യ സൊസൈറ്റിക്കു വേണ്ടി ബിഷപ്പ് കെ പി യോഹന്നാന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി വിധി.
ചെറുവള്ളി എസ്റ്റേറ്റ് ഒഴിയണമെന്ന് കാണിച്ച് റവന്യൂവകുപ്പ് ബിലിവേഴ്സ് ചര്‍ച്ച് മേധാവി കൂടിയായ ബിഷപ്പ് കെപി യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഭൂമി ഒഴിയണമെന്നായിരുന്നു സര്‍ക്കാര്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
2005 ലാണ് ഹാരിസണ്‍ ഗ്രൂപ്പിന്‍റെ കൈവശമായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഗ്രൂപ്പ് അനധികൃതമായി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റത്. കോട്ടയം ജില്ലയിലെ മണിമല എരുമേലി താലൂക്കുകളിലായി പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലെ 2254.87 ഏക്കര്‍ സ്ഥലമാണ് വിറ്റത്.
എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വനഭൂമിയായതിനാല്‍ പാട്ട വ്യവസ്ഥ ലംഘിച്ചാണ് വില്‍പന നടന്നതെന്നും ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ നിലനില്‍ക്കുന്നതല്ലെന്നും റവന്യൂവകുപ്പ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.