തിരുവനന്തപുരം|
Last Modified തിങ്കള്‍, 19 ജനുവരി 2015 (15:49 IST)
തന്റെ കൈവശം ഇനിയും ഫോണ്‍ രേഖകളുണ്ടെന്നും ഇതിലും വമ്പന്മാരുമായുള്ള ശബ്ദരേഖകള്‍ പുറത്തുവിടുമെന്നും ബാറുടമകളുടെ അസോസിയേഷന് നേതാവ് ബിജു രമേശ്. ആര് ബാലകൃഷ്ണപിള്ളയുമായും പി സി ജോര്ജ്ജുമായുമുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടതിന് ശേഷം ടി വി ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്.
താന്‍ ബിജു രമേശിനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് പി സി ജോര്‍ജ് തുടര്‍ച്ചയായി ചാനലുകളിലൂടെ പറഞ്ഞതുകൊണ്ടാണ് പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കി. പല നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് കൈവശമുള്ളത്. അത് ഇപ്പോള്‍ ഞാന്‍ തന്നെ കേട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത് വിജിലന്‍സിന് കൈമാറും. മാധ്യമങ്ങള്‍ക്കും നല്‍കും - ബിജു രമേശ് പറഞ്ഞു.
ഒട്ടേറെ നേതാക്കള്‍ ഞാനുമായി ബാര്‍കോഴ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. വലിയ നേതാക്കളുമായുള്ള ശബ്ദരേഖകള്‍ തന്നെ ഇനിയും പുറത്തുവിടും. ഞാന്‍ കള്ളം പറയുന്നില്ല. ഞാന്‍ പറഞ്ഞയിടത്തുതന്നെ നില്ക്കുന്നു. മറ്റുള്ളവര്‍ പിന്മാറുകയോ എന്തുവേണമെങ്കില്‍ ചെയ്തോട്ടെ. ഈ കേസില്‍ അഡീഷണല്‍ ഡി ജി പിയെപ്പോലും മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നെ കള്ളക്കേസില്‍ കുടുക്കുമോ എന്ന ഭയവും ഉണ്ട്. എനിക്കെതിരായി സര്‍ക്കാര്‍ നീങ്ങുകയാണെങ്കില്‍ ഞാന്‍ തെളിവുകള്‍ പുറത്തുവിടും - ബിജു രമേശ് പറഞ്ഞു.
എന്നെ നേരില്‍ കാണണമെന്ന് പി സി ജോര്‍ജ് പറഞ്ഞെങ്കിലും ഞാന്‍ പിന്നീട് പി സി ജോര്‍ജിനെ കണ്ടിട്ടില്ല. വളരെ മോശമായി എന്നേക്കുറിച്ച് പറഞ്ഞതോടെ പിന്നീട് കാണാനുള്ള സാഹചര്യമുണ്ടായില്ല - ബിജു രമേശ് വെളിപ്പെടുത്തി.