തിരുവനന്തപുരം|
Joys Joy|
Last Updated:
തിങ്കള്‍, 19 ജനുവരി 2015 (14:32 IST)
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി പി സി ജോര്‍ജും ആര്‍ ബാലകൃഷ്‌ണ പിള്ളയും സംസാരിച്ചതിന്റെ ശബ്‌ദരേഖ പുറത്ത്. ബിജു രമേശുമായുള്ള സംസാരത്തില്‍ കോഴ ആരോപണം ശരി വെയ്ക്കുന്ന രീതിയിലാണ് ബാലകൃഷ്‌ണ പിള്ളയുടെ സംസാരരീതി.
ബാര്‍കോഴ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും എല്ലാം താടിക്ക് കൈയും കൊടുത്ത് മുഖ്യമന്ത്രി കേട്ടിരുന്നെന്നും ഫോണ്‍ സംഭാഷണത്തില്‍ പിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നും ഇക്കാര്യത്തില്‍ ബിജു സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും പിള്ള ബിജുവിനോട് പറയുന്നുണ്ട്.
നെല്ല് സംഭരണത്തിന് മില്ലുടമകളില്‍ നിന്ന് രണ്ടു കോടിയും സ്വര്‍ണക്കടക്കാരില്‍ നിന്ന് 19 കോടിയും പിരിച്ചെന്നും
ഫോണ്‍സംഭാഷണത്തില്‍ പിള്ള വ്യക്തമാക്കുന്നുണ്ട്. ഓരോ ബാറുകാരില്‍ നിന്നും രണ്ടുലക്ഷം രൂപയും മൂന്നുലക്ഷം രൂപയും വെച്ച് പിരിച്ചതായും ബിജുവുമായുള്ള സംഭാഷണത്തില്‍ പിള്ള പറയുന്നുണ്ട്.
ജോര്‍ജുമായുള്ള സംഭാഷണത്തില്‍ ബിജു രമേശിനോട് നേരില്‍ കാണണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെടുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. പരസ്യമായി താന്‍ മാണിക്കൊപ്പം ആയിരിക്കുമെന്നും ജോര്‍ജ് ബിജുവിനോട് പറയുന്നുണ്ട്. നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
പി സി ജോര്‍ജുമായുള്ള സംഭാഷണത്തില്‍ , നാലാം തിയതിയോ അഞ്ചാം തിയതിയോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്ന് ആദ്യം പി സി ജോര്‍ജ് പറയുന്നു. എന്നാല്‍ താന്‍ ആ ദിവസം എറണാകുളത്താണെന്നു ബിജു പറയുന്നു. പ്രത്യക്ഷത്തില്‍ മാണിക്ക് ഒപ്പമായിരിക്കുമെന്നു പി സി ജോര്‍ജ് പറയുന്നുമുണ്ട്. നേരിട്ടു കാണാമെന്നു പറഞ്ഞാണു ഫോണ്‍സംഭാഷണം അവസാനിക്കുന്നത്.