എല്ലാ ഭൂവുടമകളും ആധാർ നമ്പർ നൽകണം: യൂണിക് തണ്ടപ്പേർ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി

അഭിറാം മനോഹർ| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (18:51 IST)
സംസ്ഥാനത്ത് അധിഷ്ടിതമായ യുണിക് തണ്ടപ്പേർ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. പദ്ധതിപ്രകാരം എല്ലാ ഭൂവുടമകളും തങ്ങളുടെ തണ്ടപ്പേർ ഇവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്യണം. ഇതുപ്രകാരം പുതിയതാ‌യി 12 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കും. സംസ്ഥാനത്ത് ഒരാൾക്ക് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും രേഖപ്പെടുത്തുക.

സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതോടെ അതാത് വില്ലേജുകളിൽ ഭൂവിവരങ്ങൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തുടർനടപടികൾ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലുള്ള ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പറുകൾ ഇതിനായി അതാത് വില്ലേജ് ഓഫീസുകൾ ശേഖരിക്കും. ഇതിനുള്ള മാർഗനിർദേശം റവന്യൂ വകുപ്പ് പുറത്തിറക്കും.

റവന്യൂ സേവനങ്ങൾ മികച്ചതാക്കുന്നതിനും ഭൂരേഖകളിൽ കൃത്യത കൊണ്ടുവരാനുമാണ് യുടിഎൻ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ പദ്ധതി ഉൾപ്പെടുത്തി നടപടികൾ കാര്യക്ഷമമാക്കാനാണ് റവന്യൂ മന്ത്രി കെ രാജൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്. യു‌ടിഎൻ നടപ്പിൽ വരുന്നതോടെ സംസ്ഥാനത്തെ ബിനാമി ഇടപാടുകൾക്ക് തടയിടാനാകുമെന്നാണ് സ‌ർക്കാരിന്റെ കണക്കുക്കൂട്ടൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :