Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Instagram
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (12:25 IST)
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്നും വലിയ രീതിയില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്സ് നടത്തിയ അന്വേഷണത്തില്‍ ഏകദേശം 1.75 കോടി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നുപോയതായാണ് കണ്ടെത്തിയത്. 2026 ജനുവരി 7-ന് 'സോലോണിക്' എന്ന അപരനാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാക്കര്‍ ബ്രീച്ച് ഫോറങ്ങളില്‍ ഈ ഡാറ്റ പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എന്താണ് ചോര്‍ന്നത്?

ഡാറ്റയില്‍ യൂസര്‍നെയിമുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഭൗതിക വിലാസങ്ങള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. JSON, TXT ഫയലുകളുടെ രൂപത്തിലുള്ള ഡാറ്റയാണ് പുറത്തായത്. ഡാറ്റ സ്‌ക്രാപ്പിംഗ് വഴി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതാണെന്നാണ് സൂചന.

ഭീഷണികള്‍

ഫിഷിംഗ് ആക്രമണങ്ങള്‍, അക്കൗണ്ട് ഹൈജാക്കിംഗ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഈ ഡാറ്റ ഉപയോഗപ്പെടുത്താന്‍ സാധ്യത അധികമാണ്.ചില ഉപയോക്താക്കള്‍ക്ക് ഇതിനകം പാസ്വേഡ് റീസെറ്റ് അറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റാ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സുരക്ഷാ വിദഗ്ധര്‍ കമ്പനിയെ സമീപിച്ചിട്ടും, സോഷ്യല്‍ മീഡിയയിലോ ഔദ്യോഗിക സുരക്ഷാ പേജുകളിലോ പ്രതികരണമുണ്ടായിട്ടില്ല.

ഉപയോക്താക്കള്‍ ചെയ്യേണ്ടത്

സൈബര്‍ സുരക്ഷാ വിദഗ്ധര്‍ എല്ലാ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളോടും ഉടനടി സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) സജ്ജമാക്കുക. ശക്തമായ പാസ്വേഡ് ഉപയോഗിച്ച് അക്കൗണ്ട് പാസ്വേഡ് മാറ്റുക, സംശയാസ്പദമായ ഇമെയിലുകളോ സന്ദേശങ്ങളോ അവഗണിക്കുക, മൂന്നാം കക്ഷി ആപ്പുകളുടെ ആക്സസ് പരിശോധിച്ച് അനാവശ്യമായവ നീക്കം ചെയ്യുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. മാല്‍വെയര്‍ബൈറ്റ്സിന്റെ ഡിജിറ്റല്‍ ഫുട്ട്പ്രിന്റ് പോര്‍ട്ടല്‍ വഴി നിങ്ങളുടെ ഡാറ്റ ചോര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :