അഭിറാം മനോഹർ|
Last Modified ഞായര്‍, 11 ജനുവരി 2026 (09:30 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്‍പായി മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങ്ങിന് കീഴില്‍ പരിശീലനം നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളില്‍ പലര്‍ക്കും യുവരാജ് പരിശീലന സെഷനുകള്‍ നല്‍കിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് യുവരാജ് പ്രത്യേക പരിശീലക ക്യാമ്പുകള്‍ തന്നെ മുന്‍പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് മുന്‍പായി യുവരാജില്‍ നിന്നും സഞ്ജു
പരിശീലനം തേടിയത്.
സഞ്ജു യുവരാജിന് കീഴില്‍ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. 6 സിക്‌സുകള്‍ തുടര്‍ച്ചയായി അടിക്കാന്‍ സഞ്ജുവിനെ പരിശീലിപ്പിക്കണമെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. കറക്ട് സ്ഥലത്താണ് സഞ്ജു വന്നിരിക്കുന്നത്. ഇനി ലോകകപ്പില്‍ തകര്‍ക്കും എന്നാണ് ചില ആരാധകര്‍ക്ക് പറയാനുള്ളത്.
സഞ്ജുവിന്റെ ബാറ്റിങ്ങിലെ പ്രധാന വെല്ലുവിളിയായ സ്ഥിരതയില്ലായ്മ പരിഹരിക്കാന്‍ യുവരാജിന്റെ സെഷനുകള്‍ കൊണ്ടാകുമെന്ന പ്രതീക്ഷയാണ് ചിലര്‍ പങ്കുവെക്കുന്നത്. ബാറ്റിങ്ങിലെ ചെറിയ ടെക്‌നിക് മാറ്റങ്ങള്‍ കൊണ്ട് തന്നെ വലിയ മാറ്റങ്ങളുണ്ടാകും എന്നതിനാല്‍ തന്നെ യുവരാജിന് കീഴിലെ സെഷനെ പോസിറ്റീവായാണ് ആരാധകര്‍ നോക്കി കാണുന്നത്. യുവരാജിന് കീഴിലെ സെഷന്‍ സഞ്ജുവിനെ വരാനിരിക്കുന്ന മത്സരങ്ങള്‍ കൂടുതല്‍ അപകടകാരിയാക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.