ഇൻസ്റ്റഗ്രാം കൗമാരക്കാരുടെ ഫീഡിൽ നഗ്നദൃശ്യങ്ങളെത്തിക്കുന്നു, മെറ്റാ ആഭ്യന്തര റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തൽ

Instagram
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഫെബ്രുവരി 2026 (17:17 IST)
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന 13 -15 വയസ് പ്രായക്കാരായ കുട്ടികളില്‍ അഞ്ചിലൊരാള്‍ക്ക് ഇന്‍സ്റ്റഗ്രാം തന്നെ നഗ്‌നദൃശ്യങ്ങളോ ലൈംഗിക ചിത്രങ്ങളോ എത്തിക്കുന്നതായി മെറ്റയുടെ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട രേഖകളിലെ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയുടെ 2025 മാര്‍ച്ചിലെ മൊഴിപകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു.


ഇത്തരം ദൃശ്യങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ സന്ദേശങ്ങളിലൂടെയാണ് പങ്കുവയ്ക്കപ്പെടുന്നതെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി അഡം മോസ്സേരി വിവരണത്തില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉപയോക്തൃ സ്വകാര്യത പരിഗണിക്കേണ്ടതിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. 2021ലാണ് ഈ സര്‍വേ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നഗ്‌നതയും ലൈംഗികതയെ പറ്റിയുള്ള ഉള്ളടക്കങ്ങളും എ ഐ നിര്‍മിത ഉള്ളടക്കങ്ങളും കൗമാരക്കാരിലെത്താതെ നീക്കം ചെയ്യുമെന്ന് 2025ല്‍ ഇന്‍സ്റ്റഗ്രാം പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രയോഗത്തില്‍ ഇതുവരെയും വന്നിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. എപ്പോഴെങ്കിലും യാദൃശ്ചികമായി ഇത്തരത്തിലുള്ള വീഡിയോ കണ്ടാല്‍ തുടര്‍ന്ന് അല്‍ഗോരിതം നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളില്‍ ഇത്തരം വീഡിയോകളും ചിത്രങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

നിലവില്‍ അശ്ലീല സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുകയും അത് മെറ്റ സബ്‌സ്‌ക്രിപ്ഷന്‍ ചാനലുകള്‍ വഴി വില്‍ക്കുകയും ചെയ്യുന്ന ക്രിയേറ്റര്‍മാര്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.
മെറ്റ ഉത്പന്നങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാണിച്ച് നിരവധി കേസുകളാണ് യുഎസിലെ ഫെഡറല്‍, സ്റ്റേറ്റ് കോടതികളിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :