1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Indian railways UTS mobile app discontinued

യുടിഎസ് ആപ്പിൻ്റെ കാലം അവസാനിപ്പിക്കുന്നു, ഇനി എല്ലാ സേവനങ്ങളും ‘റെയിൽവൺ’ ആപ്പിൽ

ജനുവരി ഒന്ന് മുതല്‍ യുടിഎസ് ആപ്പില്‍ സീസണ്‍ ടിക്കറ്റ് സേവനം അവസാനിപ്പിച്ചിരുന്നു.

Indian railways, UTS Mobile App, Rail one
ഇന്ത്യന്‍ റെയില്‍വേയുടെ യുടിഎസ് (Unreserved Ticketing System) മൊബൈല്‍ ആപ്പ് മാര്‍ച്ച് ഒന്ന് മുതല്‍ പിന്‍വലിക്കുമെന്ന് റെയില്‍വേ. നിലവില്‍ യുടിഎസ് ആപ്പിലൂടെ ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും പുതിയ ഏകീകൃത പ്ലാറ്റ്ഫോമായ റെയില്‍ വണ്‍ ആപ്പിലേക്ക് മാറ്റാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ജനുവരി ഒന്ന് മുതല്‍ യുടിഎസ് ആപ്പില്‍ സീസണ്‍ ടിക്കറ്റ് സേവനം അവസാനിപ്പിച്ചിരുന്നു.
 
2026 മാര്‍ച്ച് ഒന്ന് മുതല്‍ ആപ്പിന്റെ മുഴുവന്‍ സേവനങ്ങളും നിര്‍ത്താനാന് റെയില്‍വേ തീരുമാനം. ഇതിനോടകം തന്നെ യുടിഎസ് ആപ്പില്‍ പുതിയ രജിസ്‌ട്രേഷനുകള്‍ നിര്‍ത്തിയിട്ടുണ്ട്. സീസണ്‍ ടിക്കറ്റ് ബുക്കിംഗ്, പുതുക്കല്‍ തുടങ്ങിയ സൗകര്യങ്ങളും പിന്‍വലിച്ചിട്ടുണ്ട്. നിലവില്‍ യുടിഎസ് ആപ്പില്‍ വാലറ്റ് ബാലന്‍സ് ഉള്ളവര്‍ക്ക് അത് നഷ്ടപ്പെടില്ല. റെയില്‍ വണ്ണില്‍ ആപ്പിലേക്ക് ഈ തുക മാറ്റും.
 
ഇനി മുതല്‍ യാത്രക്കാര്‍ റെയില്‍വണ്‍ ആപ്പ് ഉപയോഗിച്ചായിരിക്കും ടിക്കറ്റിംഗ് അടക്കമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കേണ്ടത്. റെയില്‍വണ്‍ ആപ്പിലൂടെ റിസര്‍വ്ഡ് ടിക്കറ്റുകള്‍, അനറിസര്‍വ്ഡ് ടിക്കറ്റുകള്‍, സീസണ്‍ പാസുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്, പി.എന്‍.ആര്‍. പരിശോധന, കോച്ച് പൊസിഷന്‍ വിവരങ്ങള്‍, റദ്ദാക്കലുകള്‍, റീഫണ്ടുകള്‍, ഭക്ഷണ ഓര്‍ഡര്‍, പരാതികളും ഫീഡ്ബാക്കും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഒരേ ഇടത്ത് ലഭ്യമാകും.
 
ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങളിലൂടെ റെയില്‍വണ്‍ ആപ്പില്‍ ബുക്ക് ചെയ്യുന്ന അനറിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് 3 ശതമാനം ഇളവ് പരിമിത കാലയളവിലേക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.ഒരേ ആപ്പില്‍ എല്ലാ സേവനങ്ങളും ഏകീകരിച്ച് യാത്രാനുഭവം കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. യുടിഎസ് ആപ്പ് പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കേരളത്തിലെ റെയിൽ വികസനത്തിന് പുത്തൻ കുതിപ്പ്: ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും പച്ചക്കൊടി