അഭിറാം മനോഹർ|
Last Modified വെള്ളി, 4 നവംബര്‍ 2022 (20:21 IST)
ട്വിറ്റർ ഏറ്റെടുത്തതിനെ പിന്നാലെ കമ്പനിയുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരുത്തി ഇലോൺ മസ്ക്. തൻ്റെ രീതികളോട് ഇണങ്ങുന്നവരെ മാത്രം നിലനിർത്തിയാൽ മതിയെന്ന സമീപനത്തിലുള്ള നടപടികളാണ് മസ്ക് ട്വിറ്ററിൽ സ്വീകരിക്കുന്നത്. ജീവനക്കാർക്ക് തിരിച്ചടിയാകുന്നതാണ് ഇതിൽ ഏറെയും.
ജീവനക്കാരോട് ആഴ്ചയിൽ എല്ലാ ദിവസവും ജോലിക്ക് വരാനും പ്രതിദിനം 12 മണിക്കൂർ നേരം ജോലി ചെയ്യാനും നിർദേശിച്ചിരിക്കുകയാണ് ഇലോൺ മസ്ക്, അതിന് സാധിക്കാത്തവരെ പുറത്താക്കുമെന്നും മസ്ക് മുന്നറിയിപ്പ് നൽകുന്നു.
ട്വിറ്ററിലെ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ മാറ്റം കൊണ്ടുവരാനും ബ്ലൂ ടിക്ക് ഉള്‍പ്പടെയുള്ള വെരിഫിക്കേഷന്‍ നടപടിക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസ വരിസംഖ്യ പിരിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മസ്ക് ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം ഒരുക്കാൻ നവംബർ 7 വരെയാണ് ജീവനക്കാർക്ക് സമയം നൽകിയിരിക്കുന്നത്. ഇതിന് സാധിച്ചില്ലെങ്കിൽ പുറത്താക്കുമെന്നും മസ്ക് ഭീഷണി ഉയർത്തുന്നു.