അഭിറാം മനോഹർ|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:05 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനോടേറ്റ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാംഗ്ലൂർ നായകൻ വിരാട് കോലി. പഞ്ചാബിനെതിരെ 97 റൺസിനാണ് ബാംഗ്ലൂർ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും 28 നേടിയ എബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂർ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. അതേസമയം സെഞ്ചുറി നേടിയ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകൾ ബാംഗ്ലൂർ നായകൻ വിരാട് കോലി വിട്ടുകളയുകയും ചെയ്‌തിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു റൺസ് മാത്രം നേടാനെ താരത്തിനായുള്ളു.
താൻ തന്നെയാണ് മത്സരം തോൽക്കാൻ കാരണമായതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു. ഞങ്ങൾ പന്തെറിയുമ്പോള്‍ ആദ്യ പത്ത് ഓവര്‍വരെ നല്ല നിലയിലായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയി. ഞാൻ രണ്ട് ക്യാച്ചുകൾ കൈവിട്ടു. അതിന് കനത്ത വില നൽകേണ്ടി വന്നു. ഞാൻ തന്നെയാണ് തോൽവിയുടെ പ്രധാന ഉത്തരവാദി. അവരെ 180 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവപ്പെടില്ലായിരുന്നു. 30-40 റൺസുകൾ അവർ അധികമായി നേടി. ജോഷ് ഫിലിപ്പെയെ ഓപ്പണറായി ഇറക്കാനുള്ള തീരുമാനവും പരാജയപ്പെട്ടു കോലി പറഞ്ഞു.