അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (11:58 IST)
ഐപിഎൽ ക്രിക്കറ്റിൽ ബാറ്റിങ്ങിലൂടെ മലയാളികളുടെ അഭിമാനമുയർത്തിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസൺ. സഞ്ജുവിന്റെ ഓരോ കളിക്കും മലയാളികൾ ഒന്നടങ്കം ടിവിക്ക് മുൻപിലിരുന്ന് പിന്തുണ നൽകിയിരുന്നെങ്കിൽ ആ മലയാളികൾക്ക് ഇപ്പോൾ ഇരട്ടി പണിയാവുന്ന ലക്ഷണമാണ്. ഐപിഎല്ലിലെ ആദ്യമത്സരത്തിൽ തന്നെ തന്റെ വരവറിയിച്ചിരിക്കുകയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരമായ ദേവ്‌ദത്ത് പടിക്കൽ.
തന്റെ ഐപിഎൽ മത്സരത്തിൽ അർധസെഞ്ചുറിയോടെയാണ് താരം വറവറിയിച്ചത്. അതും കഴിഞ്ഞ 10 വർഷത്തെ ഐപിഎൽ ചരിത്രമെടുത്താൽ അരങ്ങേറ്റ മത്സരത്തിൽ ഫിഫ്‌റ്റി കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും സ്വന്തമാക്കികൊണ്ട്. 42 പന്തിൽ 8 ബൗണ്ടറികളടക്കം 56 റൺസുമായാണ് ദേവ്‌ദത്ത് തന്റെ ആദ്യമത്സരത്തിൽ കളം നിറഞ്ഞാടിയത്. അതും ആരോൺ ഫിഞ്ചിനെ പോലൊരു പിഞ്ച് ഹിറ്ററിനെ മറുവശത്ത് സാക്ഷി നിർത്തി.
ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തിന് പിന്നാലെ ഹർഷ ഭോഗ്ലെ അടക്കമുള്ള ക്രിക്കറ്റ് വിദഗ്‌ധരും താരത്തെ പുകഴ്‌ത്തി രംഗത്തെത്തി. താരത്തിന്റെ കവർ ഡ്രൈവുകൾ ഇതിഹാസതാരമായ യുവ്‌രാജ് സിങിനോട് സാമ്യം പുലർത്തുന്നതാണെന്നും ചില ആരാധകർ പറയുന്നു. എന്തായാലും അരങ്ങേറ്റമത്സരത്തിൽ തന്നെ സ്റ്റാർ ആയിരിക്കുകയാണ് ദേവ്‌ദത്ത്.