അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2025 (18:49 IST)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സക്‌സസ് റേറ്റുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏറെക്കാലമായി മുതിര്‍ന്ന താരങ്ങളുടെ പരിചയസമ്പത്തിലും ധോനി എന്ന ഫാക്ടറിലുമാണ് ചെന്നൈ മുന്നോട്ട് പോയിട്ടുള്ളത്. എന്നാല്‍ 2026ലെ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ധോനി എല്ലാക്കാലവും ടീമിനൊപ്പമുണ്ടാകില്ലെന്ന യാഥാര്‍ഥ്യവും പരിഗണിച്ചിട്ടുണ്ടെന്ന് ചെന്നൈ ടീമിന്റെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറയുന്നു. ധോനിക്ക് ശേഷമുള്ള കാലത്തെ കണക്കാക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നീങ്ങുന്നതെന്ന് ഫ്‌ലെമിംഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ പോലെ ഒരു താരത്തെ ടീമിലെത്തിക്കുക എന്നത് പ്രാധാന്യമുള്ളതായിരുന്നുവെന്നും ഫ്‌ലെമിങ് വ്യക്തമാക്കി.
ക്യാപ്റ്റന്‍, മെന്റര്‍, ഗെയിം റീഡര്‍, വിക്കറ്റ് കീപ്പര്‍ എല്ലാം ഒത്തുചേരുന്ന പ്രതിഭാസമാണ് ധോനി. അത്തരമൊരു നേതാവിനെ ശേഷം ചെന്നൈയെ മുന്നോട്ട് നയിക്കാനാവുന്ന ഒരാളെ കണ്ടെത്തുക എളുപ്പമല്ല.ഇവിടെയാണ് സഞ്ജുവിലേക്ക് ചെന്നൈ എത്തപ്പെടുന്നത്. സഞ്ജു അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ നായകനായി നയിച്ച അനുഭവം, യുവതാരങ്ങളെ മെന്റര്‍ ചെയ്തിട്ടുള്ള അനുഭവം, സമ്മര്‍ദ്ദ ഘട്ടങ്ങളിലും കളി നിയന്ത്രിക്കാനുള്ള മനസ്സ് ഇതെല്ലാം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡിഎന്‍എയുമായി ചേര്‍ന്ന് പോകുന്നതാണ്. ടീമിനാവശ്യമായ സ്ഥിരതയും ശാന്തയും സഞ്ജുവിന് നല്‍കാനാകും, മധ്യനിരയില്‍ കളിയുടെ ഗതി നിയന്ത്രിക്കാനും സഞ്ജുവിനാകുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുതുന്നത്.
അതേസമയം ചെന്നൈ സിസ്റ്റമെന്നാല്‍ കളിക്കാര്‍ക്ക് സമയം നല്‍കുന്ന രീതിയാണ് എന്നത് സഞ്ജുവിനും ശുഭസൂചനയാണ്. പിഴവുകളില്‍ നിന്ന് പഠിക്കാന്‍ ചെന്നൈ എപ്പോഴും അവസരം നല്‍കാറുണ്ട്. രവീന്ദ്ര ജഡേജ, അംബാട്ടി റായുഡു, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയവരുടെ കരിയറുകള്‍ക്ക് സിഎസ്‌കെ നല്‍കിയ രണ്ടാം ഇന്നിങ്ങ്‌സ് നല്‍കിയെന്നത് ഉദാഹരണങ്ങളാണ്. ആ സിസ്റ്റത്തില്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെടാനാണ് സാധ്യത.
ഇതിന് പുറമെ ധോനിയില്‍ നിന്ന് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്ന തന്ത്രങ്ങള്‍, അവസാന ഓവറുകളിലെ തീരുമാനം എന്നീ കാര്യങ്ങള്‍ പഠിക്കാനും സഞ്ജുവിനാകും. ധോനിക്ക് ശേഷം ഭാവി നായകനായി സഞ്ജു മാറിയില്ലെങ്കിലും ടീമിലെ തീരുമാനങ്ങള്‍ക്ക് പിന്നിലെ ഒരു പ്രധാനതാരമായി മാറാന്‍ സഞ്ജുവിനാകും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.