രേണുക വേണു|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (11:18 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശപോരാട്ടത്തില്‍ അവസാന പന്തില്‍ വിജയം കൈവിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അവസാന 2 ഓവറില്‍ 36 റണ്‍സ് വിജയിക്കാന്‍ വേണമെന്ന ഘട്ടത്തില്‍ ഐതിഹാസിക പ്രകടനം നടത്തി ടീമിനെ വിജയത്തിനടുത്തെത്തിക്കാനായെങ്കിലും അവസാന പന്തില്‍ ഡേവിഡ് മില്ലര്‍ നിരാശപ്പെടുത്തിയതാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. അവസാന 2 പന്തില്‍ വിജയിക്കാന്‍ 2 റണ്‍സ് എന്ന ഘട്ടത്തില്‍ കുല്‍ദീപ് യാദവിന് സ്‌ട്രൈക്ക് നല്‍കാതിരുന്ന മില്ലറുടെ തീരുമാനമായിരുന്നു ഡല്‍ഹിയുടെ തോല്‍വിക്ക് പ്രധാനകാരണമായത്.
45 പന്തില്‍ 92 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ നല്‍കിയ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നിര്‍ണായകമായത്. എന്നാല്‍ മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാഹുല്‍ പോയത് ടീമിന് തിരിച്ചടിയായി. പരിക്കേറ്റ് മടങ്ങിയെങ്കിലും പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയത്. അവസാന 2 ഓവറില്‍ 36 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സാണ് മില്ലര്‍ നേടിയത്.
അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ടീമിനെ അവസാന 2 പന്തില്‍ 2റണ്‍സ് എന്ന നിലയിലെത്തിക്കാന്‍ മില്ലര്‍ക്ക് സാധിച്ചു. എന്നാല്‍ പ്രസിദ്ധിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ നേടാനുള്ള അവസരം മില്ലര്‍ നിഷേധിച്ചു. അവസാന പന്ത് കണക്റ്റ് ചെയ്യാന്‍ കഴിയാതെ വന്നതോടെ റണ്ണൗട്ടിലൂടെ ഗുജറാത്ത് മത്സരത്തില്‍ വിജയിക്കുകയായിരുന്നു. അഞ്ചാം പന്തില്‍ തനിക്ക് സ്‌ട്രൈക്ക് നല്‍കണമെന്ന് വിളിച്ചുപറയുന്നതായിരുന്നു കുല്‍ദീപിന്റെ ശരീരഭാഷയെന്ന് മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
എന്നെ വിശ്വസിക്കു. ഞാന്‍ ടീമിനെ വിജയിപ്പിക്കാം എന്ന ശരീരഭാഷയായിരുന്നു കുല്‍ദീപിന്. എന്നാല്‍ സഹതാരത്തെ വിശ്വസിക്കാന്‍ മില്ലര്‍ തയ്യാറായില്ല. തകര്‍ത്തടിച്ചുകൊണ്ടിരുന്ന മില്ലര്‍ നല്ല ടച്ചിലായിരുന്നു. എന്നാല്‍ ആ സിംഗിള്‍ മില്ലര്‍ എടുക്കണമായിരുന്നു. ഒന്നുമല്ലെങ്കില്‍ മത്സരം സമനിലയില്‍ ആക്കാമായിരുന്നു. കുല്‍ദീപിന് ഒരുപക്ഷേ സിംഗിള്‍ നേടാനും സാധിച്ചേനെ. സ്റ്റെയ്ന്‍ പറഞ്ഞു.