അവിശ്വസനീയം ഗുജറാത്ത്; അവസാന ഓവറില്‍ 22 റണ്‍സ് അടിച്ചുകൂട്ടി ജയം

രേണുക വേണു| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (07:38 IST)

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് അവിശ്വസനീയ ജയം. അവസാന ഓവറില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ നാല് സിക്‌സ് സഹിതം 25 റണ്‍സാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്. രാഹുല്‍ തെവാത്തിയയുടെ ഒരു സിക്‌സും റാഷിദ് ഖാന്റെ മൂന്ന് സിക്‌സുമാണ് അവസാന ഓവറില്‍ പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 195 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു. അതും അവസാന പന്തില്‍ !

മാര്‍ക്കോ ജാന്‍സണ്‍ ആണ് ഹൈദരബാദിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ആറ് പന്തില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ജാന്‍സന്റെ ആദ്യ പന്ത് രാഹുല്‍ തെവാത്തിയ സിക്‌സര്‍ പറത്തി. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് റാഷിദ് ഖാന് സ്‌ട്രൈക് കൈമാറി. അവസാന ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ സിക്‌സര്‍ പറത്തി. നാലാം പന്തില്‍ റണ്‍സൊന്നും എടുത്തില്ല. അവസാന രണ്ട് പന്തുകളും അതിര്‍ത്തി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി വൃദ്ധിമാന്‍ സാഹ 38 പന്തില്‍ 68 റണ്‍സും രാഹുല്‍ തെവാത്തിയ 21 പന്തില്‍ 40 റണ്‍സും റാഷിദ് ഖാന്‍ 11 പന്തില്‍ 31 റണ്‍സും നേടി. ഹൈദരബാദിന് വേണ്ടി ഉമ്രാന്‍ മാലിക്ക് അഞ്ച് വിക്കറ്റ് നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :