വിന്റേജ് ധോണി !

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (07:59 IST)

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് വിക്കറ്റിന് ജയിച്ചപ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമായി മഹേന്ദ്രസിങ് ധോണിയുടെ വെടിക്കെട്ട് പ്രകടനം. വിന്റേജ് ധോണിയെയാണ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ലോകം കണ്ടത്. അവസാന പന്തില്‍ ആറ് റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോള്‍ വളരെ കൂളായി സിക്‌സ് അടിച്ച് ചെറുപുഞ്ചിരിയോടെ നടന്നുപോകുന്ന ധോണിയെ അത്ര പെട്ടന്നൊന്നും നമുക്ക് നഷ്ടപ്പെടില്ലെന്ന് അടിവരയിടുന്ന പ്രകടനം.

അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോണി ക്രീസിലുണ്ട് എന്നത് തന്നെയാണ് ചെന്നൈ ആരാധകരെ ത്രില്ലടിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞത് ജയ്‌ദേവ് ഉനദ്കട്ടും.

ആദ്യ പന്തില്‍ തന്നെ പ്രത്തോറിയസിനെ ഉനദ്കട്ട് എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുക്കി. മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയ വിക്കറ്റ്. പക്ഷേ മറുവശത്ത് ധോണിയെന്ന ക്രിക്കറ്റ് ബ്രെയിന്‍ നില്‍ക്കുന്ന കാര്യം മുംബൈ ഒരുവേള മറന്നു. പ്രത്തോറിയസിന് ശേഷം ഡ്വെയ്ന്‍ ബ്രാവോയാണ് ക്രീസിലെത്തിയത്. അവസാന ഓവറിലെ രണ്ടാം പന്ത് സിംഗിള്‍ ഇട്ട് ബ്രാവോ ധോണിക്ക് സ്‌ട്രൈക് കൊടുത്തു. നാല് പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്.

ഉനദ്കട്ടിന്റെ അവസാന നാല് പന്തുകളില്‍ കളി ചെന്നൈയുടെ കയ്യിലായി. 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സ് ! അടുത്ത പന്ത് ഫോര്‍ ! ഇനി ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ വെറും ആറ് റണ്‍സ്. ക്രീസില്‍ എന്തിനും തയ്യാറായി ധോണിയും. അഞ്ചാം പന്തില്‍ അതിവേഗം രണ്ട് റണ്‍സ് ഓടിയെടുത്തു. ഒടുവില്‍ ഒരു പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഉനദ്കട്ടിന്റെ ലോ ഫുള്‍ ടോസ് ഫൈന്‍ ലെഗില്‍ ബൗണ്ടറി കടത്തി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ സീസണിലെ രണ്ടാം ജയം നേടികൊടുത്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നാണിച്ച് തല താഴ്ത്തി !
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :