ധോനിയോ കോലിയോ രോഹിത്തോ അല്ല, തന്നെ മികച്ച സ്പിന്നറാക്കിയത് സഞ്ജുവെന്ന് ചഹൽ

Chahal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജനുവരി 2026 (15:57 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ക്യാപ്റ്റന്‍മാരായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കീഴില്‍ കളിച്ച താരമാണെങ്കിലും തന്നെ മികച്ച ബൗളറാക്കി മാറ്റിയത് രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജു സാംസണാണെന്ന് യൂസ്വേന്ദ്ര ചഹല്‍. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഒരു ബൗളര്‍ എന്ന നിലയില്‍ താന്‍ തികച്ചും മാറിയെന്നും ഈ മാറ്റം അതിശയകരമാണെന്നും ചഹല്‍ പറയുന്നു. ഈ മാറ്റത്തിനുള്ള ക്രെഡിറ്റ് ചഹല്‍ നല്‍കുന്നത് സഞ്ജുവിനാണ്.

രാജസ്ഥാനില്‍ സഞ്ജുവിന്റെ കീഴില്‍ ഞാന്‍ കൂടുതല്‍ മികച്ച ബൗളറായി. അതുവരെയും ഒരു ക്യാപ്റ്റനും സ്പിന്നര്‍മാരെ ഡെത്ത് ഓവര്‍ ചെയ്യാനായി അനുവദിച്ചിരുന്നില്ല. ഡെത്ത് ഓവറുകളില്‍ പന്തെറിയുന്ന ബൗളറായി എന്ന മാറ്റിയത് സഞ്ജുവാണ്. ഡെത്ത് ഓവറുകളില്‍ ഒരുപാട് വിക്കറ്റുകള്‍ നേടാനും എനിക്കായി. മഷബിള്‍ ഇന്ത്യ പോഡ്കാസ്റ്റില്‍ സംസാരിക്കവെ ചഹല്‍ പറഞ്ഞു. 2022ന് മുന്‍പ് 16-17 ഓവറുകള്‍ക്കുള്ളില്‍ എന്റെ സ്‌പെല്‍ തീരുമായിരുന്നു. രാജസ്ഥാനില്‍ എത്തിയതോടെ റോള്‍ തന്നെ മാറി. ഡെത്ത് ഓവറുകളില്‍ 2 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ തയ്യാറാകാന്‍ സഞ്ജു പറഞ്ഞു. ആ സീസണില്‍ ഒരുപാട് വിക്കറ്റുകള്‍ നേടാനായി. ബൗളറെ പൂര്‍ണമായും വിശ്വസിക്കുന്നതാണ് സഞ്ജുവിന്റെ രീതി. നമ്മളെ ശല്യപ്പെടുത്തില്ല. ഇഷ്ടമുള്ള രീതിയില്‍ പന്തെറിയാന്‍ അനുവദിക്കും. ഞാന്‍ സഞ്ജുവിനെ ചിന്റു എന്നാണ് വിളിക്കുന്നത്. അവന്‍ എന്റെ സഹോദരനെ പോലെയാണ് ചഹല്‍ പറഞ്ഞു.

രാജസ്ഥാനായി 3 സീസണുകളില്‍ കളിച്ച 45 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 2022ല്‍ 17 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. 2025ലെ താരലേലത്തിന് മുന്‍പായി ചഹലിനെ രാജസ്ഥാന്‍ റിലീസ് ചെയ്‌തെങ്കിലും സഞ്ജുവിനൊപ്പമുണ്ടായിരുന്ന സമയം ഇന്നും ചഹല്‍ വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. 2025ലെ താരലേലത്തില്‍ 18 കോടിയ്ക്ക് പഞ്ചാബ് കിങ്ങ്‌സാണ് ചഹലിനെ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :