തായ്പേയ്|
WEBDUNIA|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2009 (16:50 IST)
PRO
ടിബറ്റിന്‍റെ ആത്മീയാചാര്യനായ ദലൈലാമ തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ലാമ താമസിച്ച ഹോട്ടലിലും വിമാനത്താവളത്തിലും തായ്‌വാന്‍-ചൈനീസ് സംഘടനാ പ്രവര്‍ത്തകര്‍ ലാമയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. പോലീസ് ഇവരെ നീക്കിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.
കനത്ത സുരക്ഷയോടെയാണ് ലാമയെ വിമാനത്താവളത്തിലെത്തിച്ചത്. ലാമയെക്കാണാനായി അദ്ദേഹം താമസിച്ചിരുന്ന ഹൊവാര്‍ഡ് പ്ലാസ ഹോട്ടലിലും താവോയുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തും നിരവധി അനുയായികളും എത്തിയിരുന്നു.
വിമാനത്താവളത്തില്‍ ടിബറ്റിലേക്ക് പോകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഞങ്ങള്‍ എപ്പോഴും ടിബറ്റിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നായിരുന്നു ലാമയുടെ മറുപടി. താന്‍ ടിബറ്റുകാരനാണെന്നും അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവിടേക്ക് പോകാന്‍ കഴിയുമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് ലാമ തായ്‌വാനില്‍ എത്തിയത്. ചുഴലിക്കാറ്റില്‍ നാശ നഷ്ടമുണ്ടായ കിഴക്കന്‍ തായ്‌വാനിലെ പ്രദേശങ്ങള്‍ ലാമ സന്ദര്‍ശിച്ചിരുന്നു. ചൈനയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയായിരുന്നു ലാമയുടെ സന്ദര്‍ശനം.