പിന്‍‌ഗാമി പെണ്‍കുട്ടി ആയേക്കാം: ദലൈലാമ

PTI
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തന്‍റെ പിന്‍‌ഗാമിയായി ഒരു പെണ്‍കുട്ടിക്ക് ചുമതല നല്‍കിയേക്കുമെന്ന് ദലൈലാമ സൂചന നല്‍കി. ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നോബല്‍ സമ്മാന ജേതാവുകൂടിയായ ടിബറ്റന്‍ നേതാവ്.

താന്‍ വിശ്രമ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് എന്ന വാര്‍ത്ത ദലൈലാമ നിഷേധിച്ചു. ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് വരെ തനിക്ക് വിശ്രമമില്ല എന്ന് ടിബറ്റന്‍ ആത്മീയ നേതാവ് മാധ്യമങ്ങളോട് ഉറപ്പിച്ചു പറഞ്ഞു.

തൊണ്ണൂറ് മിനിറ്റ് നീണ്ട സംസാരത്തില്‍, ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തിലും ഇന്ത്യയെ അത്ഭുതപ്പെടുത്തുന്ന രീതിയിലുമാണ് ലാമ സംസാരിച്ചത്. ടിബറ്റില്‍ ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യത്തെ കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനും ലാമ മറന്നില്ല.

ടിബറ്റ് പ്രശ്നം ചൈനയിലെ ജനാധിപത്യവുമായും ഇന്ത്യ പ്രശ്നത്തെ സമീപിക്കുന്ന രീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ചൈനയിലെ ജനാധിപത്യ അനുകൂലികളും ടിബറ്റന്‍ അനുകൂലികളും ഒരേ ലക്‍ഷ്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്, ലാമ പറഞ്ഞു.

ചൈനീസ് ഉദ്യോഗസ്ഥരിലുള്ള വിശ്വാസം ദിനം പ്രതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍, ചൈനയിലെ ജനങ്ങളിലുള്ള വിശ്വാസം ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്നും ദലൈലാമ പറഞ്ഞു.

ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നടന്ന സ്വാതന്ത്ര്യ പ്രഖ്യാപന റാലിക്ക് മുമ്പ് രാജ്യം വിട്ട ജനാധിപത്യ അനുകൂലി നേതാവ് ചിന്‍ ജിനെ മാധ്യപ്രവര്‍ത്തകരുടെ മുന്നിലേക്ക് ക്ഷണിച്ച് ആലിംഗനം ചെയ്തത് നാടകീയ മുഹൂര്‍ത്തത്തിന് വഴിതുറന്നു.

ധരംശാല| PRATHAPA CHANDRAN| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2008 (11:01 IST)
ദലൈലാമയുടെ പദവി നിലനില്‍‌ക്കണോ വേണ്ടയോ എന്ന് ടിബറ്റന്‍ ജനതയാണ് തീരുമാനിക്കേണ്ടത്. 2001 മുതല്‍ താന്‍ പകുതി വിരമിച്ച നിലയിലാണെന്നും ദലൈലാമ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :