പാരിസ്|
Joys Joy|
Last Modified തിങ്കള്‍, 12 ജനുവരി 2015 (10:06 IST)
ഭീകരതയ്ക്ക് എതിരെ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ വമ്പന്‍ റാലി. ഒരു മില്യണില്‍ അധികം ആളുകള്‍ ആണ് ഭീകരതയ്ക്കെതിരെ ഞായറാഴ്ച പാരിസിന്റെ തെരുവുകളില്‍ അണിനിരന്നത്. ലോകനേതാക്കളും ഭീകരതയ്ക്ക് എതിരെ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്ന റാലി ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായി.
മൂന്നുദിവസത്തിനിടെ നടന്ന ഭീകരാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാരിസിലെ ലാ റിപ്പബ്ലിക്ക ചത്വരത്തില്‍ ആരംഭിച്ച മാര്‍ച്ച് മൂന്നു കിലോമീറ്റര്‍ അകലെയുള്ള ലാ നാഷന്‍ ചത്വരത്തിന് മുന്നില്‍ സമാപിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്ക് ഒപ്പം 40 രാഷ്‌ട്രങ്ങളില്‍ നിന്നുള്ള നേതാക്കന്മാരും റാലിയില്‍ അണി ചേര്‍ന്നു.
ബ്രിട്ടണ്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ , ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കലല്‍ ,ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊരോഷെന്‍കോ, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. യു എസ് പ്രസിഡന്റ് ബരാക് ഒബാമയെ പ്രതിനിധീകരിച്ച് അറ്റോര്‍ജി ജനറല്‍ എറിക് ഹോള്‍ഡര്‍ പങ്കെടുത്തു.
ശനിയാഴ്ചയും ചാര്‍ലി ഹെബ്‌ദോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിന്റെ പല ഭാഗങ്ങളില്‍ ചെറു റാലികള്‍ നടന്നിരുന്നു. ഏഴു ലക്ഷത്തോളം പേര്‍ ഇതില്‍ പങ്കെടുത്തിരുന്നു.