പാരിസ് ആക്രമണം: മൂന്നു ഭീകരരെ പൊലീസ് വധിച്ചു

പാരിസ്| Joys Joy| Last Modified ശനി, 10 ജനുവരി 2015 (08:23 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ചാര്‍ളി ഹെബ്‌ദോയുടെ ഓഫീസ് ആക്രമിച്ച് 12 ജീവനക്കാരെ കൊന്ന ഭീകരരരെ ഫ്രഞ്ച് പൊലീസ് വധിച്ചു. സഹോദരന്മാരായ ഷെരീഫ് കൊവാച്ചി, സയിദ് കൊവാച്ചി എന്നീ സഹോദരങ്ങളെയും കിഴക്കന്‍ പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചു പേരെ ബന്ദികളാക്കിയ ഭീകരനെയുമാണ് വധിച്ചത്.

ചാര്‍ളി ഹെബ്‌ദോയുടെ ഓഫീസ് ആക്രമണത്തില്‍ പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകമെങ്ങും ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഭീകരരെ ഫ്രഞ്ച് പൊലീസ് വധിച്ചിരിക്കുന്നത്.

പാരിസിലെ ചാര്‍ളി ഡിഗോലെ വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഒളിത്താവളം വളഞ്ഞാണ് സുരക്ഷാസേന കൊവാച്ചി സഹോദരന്മാരെ വധിച്ചത്. തട്ടിയെടുത്ത കാറില്‍ യാത്രചെയ്യവേ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഭീകരര്‍ ദമ്മാര്‍ട്ടിന്‍-എന്‍-ഗോലെ എന്ന സ്ഥലത്തെ അച്ചടി സ്ഥാപനത്തില്‍ കയറുകയായിരുന്നു. സ്ഥാപനം വളഞ്ഞ പോലീസിനു നേരേ ഇവര്‍ വെടിയുതിര്‍ത്തു. ഏറെ നേരത്തെ ഏറ്റുമുട്ടലിനുശേഷം ഇവരെ പൊലീസ് വധിക്കുകയായിരുന്നു.

ഇവരുടെ കൂട്ടാളിയെന്ന് കരുതുന്നയാളാണ് കിഴക്കന്‍ പാരിസിലാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. മെട്രോ സ്റ്റേഷനായ പോര്‍ട്ട് ഡി വിന്‍സെനസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇയാള്‍ ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് സമീപത്തെ ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ ഭീകരന്‍ അഞ്ചുപേരെ ബന്ദികളാക്കുകയായിരുന്നു.

ഇതിനിടെ വ്യാഴാഴ്ചത്തെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരുടെ ചിത്രം പുറത്തുവിട്ടു. അമദി കൂലിബാലി (32), ഹയാത് ബൊമെഡീന്‍ (26) എന്ന വനിത എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :