ഡയാനയെ കൊന്നതോ? ഡയാന രാജകുമാരി കൊല്ലപ്പെട്ട കാര്‍ അപകടത്തെക്കുറിച്ചു ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്കുള്ള സംശയം തീരുന്നില്ല. അപകടത്തെക്കുറിച്ചു പുതിയ സൂചനകള്‍ ലഭിച്ചെന്ന അവകാശവാദവുമായി ഡെയ്‌ലി മിറര്‍ രംഗത്തെത്തി. ഡയാനയുടെ മരണത്തെക്കുറിച്ചു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ഫ്രഞ്ച് പൊലീസും പറയുന്നതിനപ്പുറമാണു യാഥാര്‍ഥ്യമെന്നാണു മിററിന്റെ നിലപാട്.
പാപ്പരാസികളില്‍നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ ഡയാനയും കാമുകന്‍ ദോദി അല്‍ ഫയദും സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് അപകടത്തില്‍പ്പെട്ടാണു മരണമെന്നാണു ഔദ്യോഗിക നിലപാട്. ഇതിനിടെയാണു ഡയാനയെ വധിച്ചതാണെന്ന് അവകാശപ്പെട്ട് "സോള്‍ജിയര്‍ എന്‍" രംഗത്തുവന്നത്. തുടര്‍ന്നാണു ഡെയിലി മിറര്‍ അന്വേഷണവുമായി രംഗത്തെത്തിയത്. ദൃക്‌സാക്ഷികളും ദോദിയുടെ സുഹൃത്തുക്കളുമായി നടത്തിയ അഭിമുഖങ്ങള്‍ക്കൊടുവിലാണു നിഗമനങ്ങള്‍. ഡയാനയെ പിന്തുടര്‍ന്ന പാപ്പരാസി ഹെന്‍ട്രി പോള്‍ ബലിയാടാണെന്നാണു ആദ്യ കണ്ടെത്തല്‍. ഡയാനയുടെ മരണവുമായി ബ്രിട്ടിഷ് ചാരസംഘടനയയായ എംഐ6ലെ രണ്ട് ഉദ്യോഗസ്‌ഥര്‍ക്കു ബന്ധമുണ്ടത്രേ.
1997 ഓഗസ്‌റ്റ് 31 നു നടന്ന ദുരന്തത്തെക്കുറിച്ചുള്ള വിവരണം ഇങ്ങനെ: രാത്രി 12.20 നാണു ഡയാന പാപ്പരാസിയുടെ കണ്ണില്‍പ്പെട്ടത്. പോണ്ട് ഡി അല്‍മ ടണലില്‍ ഡയാന സഞ്ചരിച്ചിരുന്ന കാറിനെ കറുത്ത ബൈക്കും ഫിയറ്റ് യൂനോ കാറും പിന്തുടരുന്നു. ഫിയറ്റ് കാറിന്റെ സഹായത്തോടെ ബൈക്ക് ഡയാനയുടെ കാറിനെ മറികടക്കുന്നു. 12.23നു 15 അടി മുന്നിലെത്തിയ കാറില്‍നിന്നു ബൈക്കില്‍നിന്നു കാര്‍ ഡ്രൈവറെ ലക്ഷ്യമാക്കി ലേസര്‍ രശ്‌മി വര്‍ഷിക്കുന്നു. നിയന്ത്രം വിട്ട കാര്‍ ഇടിച്ചുമറിയുന്നു.
സൈനികരുടേതിനു തുല്യമായ വിജയ ചിഹ്നം കാണിച്ച ശേഷം ബൈക്ക് യാത്രികനും കാറും അപകട സ്‌ഥലത്തുനിന്നും അപ്രത്യക്ഷമാകുന്നു. അപകടം ആസൂത്രണം ചെയ്‌തതാണെന്നാണു മിററിന്റെ വാദം.