ടിബറ്റ് ചൈനയുടെ ഭാഗം: അമേരിക്ക

വാഷിംഗ്ടണ്‍| WEBDUNIA|
ടിബറ്റിനെ ഒരു സ്വതന്ത്ര്യ പരമാധികാര രാജ്യമായി പരിഗണിക്കാനാവില്ലെന്ന് അമേരിക്ക. ടിബറ്റിനെക്കുറിച്ചുള്ള യു എസ്സിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി ജേ കാര്‍ണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

“ റിപ്പബ്ലിക് ചൈനയുടെ ഭാഗമായി മാത്രമേ ടിബറ്റിനെ പരിഗണിക്കാനാവുകയുള്ളൂ. നോബല്‍ പുരസ്കാരജേതാവാണ്, മാത്രമല്ല ലോകം അംഗീകരിച്ച മതാചാര്യനും കൂടിയാണ് അദ്ദേഹം. അര്‍ഹിച്ച ആദരവോടുകൂടിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത്.” - ജേ കാര്‍ണി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, ടിബറ്റന്‍ ജനതയുടെ അവകാശങ്ങള്‍ക്കും അമൂല്യമായ ടിബറ്റന്‍ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും ദലൈലാമ പിന്തുണ ആവശ്യപ്പെട്ടതായി കാര്‍ണി അറിയിച്ചു.

ദലൈലാമയുമായി ഒബാമ കൂടിക്കാഴ്‌ച നടത്തിയതില്‍ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയിലെ യു എസിന്റെ നയതന്ത്ര പ്രതിനിധി റോബര്‍ട്ട്‌ എസ്‌ വാംഗിനെ വിളിച്ചുവരുത്തിയാണ്‌ വിദേശകാര്യ സഹമന്ത്രി കുയി തിയാങ്കി കടുത്ത പ്രതിഷേധം അറിയിച്ചത്‌. എതിര്‍പ്പ്‌ അവഗണിച്ച്‌ ദലൈലാമയുമായി ഒബാമ കൂടിക്കാഴ്‌ച നടത്തിയത് ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :