കാര്‍ഗില്‍: മുഷറഫ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തി എന്ന് വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്| WEBDUNIA| Last Modified വെള്ളി, 1 ഫെബ്രുവരി 2013 (12:53 IST)
PTI
PTI
പാകിസ്ഥാന്‍ മുന്‍ കരസേനാ മേധാവി ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ പാക് ജനറല്‍. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് പര്‍വേസ് മുഷറഫ് നിയന്ത്രണരേഖ മറികടന്നു എന്നാണ് വെളിപ്പെടുത്തല്‍. പാക് കരസേനാ റിട്ട. കേണല്‍ അഷ്ഫഖ് ഹുസൈന്‍ ആണ് തന്റെ പുസ്തകത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മേജര്‍ ജനറല്‍ ജാവേദ് ഹസന്‍, ജനറല്‍ മഹ്മൂദ്, ജനറല്‍ അസീസ് എന്നിവരാണു കാര്‍ഗില്‍ യുദ്ധത്തിന്റെ ബുദ്ധികേന്ദ്രം. മുഷറഫ് ഇവരുടെ തീരുമാനത്തിന് സമ്മതം മൂളി. ‘വിറ്റ്നസ് ടു ബ്ലണ്ടര്‍‘ എന്ന പുസ്തകത്തില്‍ അഷ്ഫഖ് ഹുസൈന്‍ പറയുന്നു.

മുഷറന്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയുടെ 11 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നിരുന്നു. 1999 മാര്‍ച്ച് 28നായിരുന്നു അത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഒരു രാത്രി ചെലവഴിയ്ക്കുകയും ചെയ്തു. ഹെലികോപ്ടറില്‍ ആയിരുന്നു മുഷറഫ് പോയത്. കേണല്‍ അംജദ് ഷബ്ബീര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു എന്നു പുസ്തകത്തിലുണ്ട്.

1998 ഡിസംബര്‍ 18 മുതലാണു കാര്‍ഗില്‍ മേഖലയില്‍ പാക് നുഴഞ്ഞുകയറ്റം ആരംഭിച്ചത്.

അതേസമയം കാര്‍ഗില്‍ സംഭവം പാക് സൈന്യത്തിന്റെ വിജയമായിരുന്നു എന്ന് മുഷറഫ് പ്രതികരിച്ചു. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് യു എസ് സന്ദര്‍ശനം നടത്തിയില്ലായിരുന്നു എങ്കില്‍ പാക് സൈന്യം ഇന്ത്യയുടെ 300 സ്ക്വയര്‍ മൈല്‍ പ്രദേശം കീഴടക്കുമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :