താന്‍ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഏറ്റുപിടിച്ച് വിവാദപ്രസ്താവന നടത്തിയ പാകിസ്ഥാന് ചുട്ട മറുപടിയുമായി ഷാരൂഖ് ഖാന്‍. ഇന്ത്യയില്‍ താന്‍ സന്തോഷവാനാണെന്നും യാതൊരു സുരക്ഷാ പ്രശ്നങ്ങളും തനിക്ക് ഇവിടെ ഇല്ലെന്നുമാണ് ഷാരൂഖ് പറഞ്ഞത്. തന്റെ വാക്കുകള്‍ വിവാദമാക്കിയ പാക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്ക് ചെയ്തത് മണ്ടത്തരമാണ്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. രാജ്യത്തെ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ഉപദേശവും ആവശ്യമില്ല. ചില സങ്കുചിത ചിന്തക്കാരായ രാഷ്ട്രീയക്കാര്‍ മുസ്ലീങ്ങളെ ഏത് രീതിയില്‍ കാണുന്നു എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും ഷാരൂഖ് വ്യക്തമാക്കുന്നു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു എന്നു അദ്ദേഹം പറഞ്ഞു.
ഔട്ട്‌ലുക്ക് ടേണിംഗ് പോയിന്റ്സില്‍ ഷാരൂഖ് നടത്തിയ പരാമര്‍ശങ്ങള്‍ ആണ് വിവാദമായത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം തെറ്റിദ്ധരിക്കപ്പെട്ട മുസ്ലീങ്ങളുടെ പ്രതീകമായി താന്‍ മാറിയിട്ടുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ പോലും ചിലപ്പോള്‍ തന്നെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.
ഷാരൂഖിന് മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറാകണം എന്ന പാക് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ നോക്കാന്‍ രാജ്യം പ്രാപ്തമാണെന്നും ഷാരൂഖിന്റെ കാര്യം ഓര്‍ത്ത് പാകിസ്ഥാന്‍ തല പുകയ്ക്കേണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് പറഞ്ഞത്.
ഇന്ത്യ സുരക്ഷിതമായി തോന്നുന്നില്ലെങ്കില്‍ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് ജമാഅത്ത് ഉദ്-ധവ(ലഷ്കര്‍ ഈ തോയ്ബ) തലവന്‍ ഹഫീസ് മുഹമ്മദ് സയീദ് പറയുകയുണ്ടായി.